പട്‌ന: ബിഹാര്‍ നിയമസഭ തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആര്‍ജെഡിക്ക് തിരിച്ചടി. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ രഘുവംശ് പ്രസാദ് സിംഗ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര മന്ത്രിയായ രഘവംശ് പ്രസാദ് ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോള്‍ ദില്ലി എയിംസില്‍ ഐസിയുവില്‍ കൊവിഡ് ചികിത്സയിലാണ് രഘുവംശ് പ്രസാദ്. 

ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം സ്വന്തം കൈപ്പടയില്‍  ലാലു പ്രസാദ് യാദവിന് രാജിക്കത്തെഴുതിയത്. 'കര്‍പ്പുരി താക്കൂറിന്റെ മരണശേഷം കഴിഞ്ഞ 32 വര്‍ഷമായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇനിയില്ല'- 72കാരനായ രഘുവംശ് പ്രസാദ് എഴുതി. പാര്‍ട്ടിയില്‍ നിന്ന് പിന്തുണയും സ്‌നേഹവും ലഭിച്ചെന്നും മാപ്പ് തരണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനതാ ദള്‍ കാലം മുതലേ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയാണ് രഘുവംശ് പ്രസാദ്. ആര്‍ജെഡി രൂപീകരിച്ചതിന് ശേഷവും ലാലുപ്രസാദ് യാദവിന്റെ അടുത്ത ആളായി തുടര്‍ന്നു. അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ പോയതിന് ശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകന്‍ തേജസ്വി ഏറ്റെടുത്തതില്‍ രഘുവംശ് പ്രസാദ് അസംതൃപ്തനായിരുന്നു.

സമീപകാലത്ത് പുതുതായി ചിലരെ പാര്‍ട്ടിയില്‍ എടുത്തതിനോടും അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. രാജ്യസഭ സീറ്റിലേക്ക് ചില ബിസിനസുകാരെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. ആശുപത്രി വിട്ടാല്‍ അദ്ദേഹം നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.