ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാൽ രക്ഷപ്പെട്ടു ഈ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഗോവ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചു. 

പനജി: പാരാസെയിലിംഗിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. ഗോവയിലെ ബാഗ ബീച്ചിലെ വൻ സുരക്ഷാ വീഴ്ചയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. സാഹസിക വിനോദത്തിനിടെ പാരച്യൂട്ടിനെയും ബോട്ടിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി വിനോദസഞ്ചാരി കടലിലേക്ക് വീഴുന്നതാണ് ദൃശ്യത്തിലുള്ളത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ മാത്രമാണ് ദുരന്തം ഒഴിവായത്.

സന്തോഷത്തിന്‍റെ നിമിഷം വളരെ പെട്ടെന്നാണ് ആശങ്കയ്ക്ക് വഴിമാറിയത്. കയർ പൊട്ടി വിനോദസഞ്ചാരി കണ്‍മുന്നിൽ കടലിലേക്ക് വീഴുന്നതു കണ്ട ബോട്ടിലെ മറ്റുള്ളവർ ഭയചകിതരായി. അവർ ബഹളം വെച്ചു. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരോട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കടലിൽ വീണയാളെ രക്ഷിക്കാനും ആവശ്യപ്പെട്ടു. ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുമെന്നും ജീവനക്കാർ പറയുന്നതും വീഡിയോയിലുണ്ട്. വിനോദസഞ്ചാരിയെ ഉടൻതന്നെ രക്ഷപ്പെടുത്തുകയും ചെയ്തു.

അനിൽ ചന്ദേല എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടു. സംഭവത്തിൽ ഗോവ ടൂറിസം വകുപ്പ് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉപകരണങ്ങളുടെ ഗുണനിലവാരത്തിലോ ജീവനക്കാരുടെ ഭാഗത്തോ വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഗുണനിലവാരമില്ലാത്ത കയറുകളാണ് ഉപയോഗിക്കുന്നതെന്നും ഉപകരണങ്ങൾ കൃത്യമായി പരിശോധിക്കാൻ ഇവിടെ സംവിധാനമില്ലെന്നും വീഡിയോയ്ക്ക് താഴെ കമന്‍റുകൾ വന്നു. ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇത്തരം സാഹസിക വിനോദങ്ങൾ ചെയ്യുന്നത് സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നൽകാതെയാണെന്നും അഭിപ്രായം ഉയർന്നു. മുമ്പും ഗോവയിൽ സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിലർ പറഞ്ഞു.

View post on Instagram