ഉത്തർപ്രദേശിലെ ഹാപൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഖ്നൌ: ഉത്തർപ്രദേശിലെ ഹാപൂരിൽ വാഹനാപകടത്തിൽ ആറ് മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി എസ്പി ജ്ഞാനഞ്ജയ് സിംഗ് സ്ഥിരീകരിച്ചു. ബസ്സിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട ട്രക്ക് റോഡിൽ നിന്നും നീക്കം ചെയ്തെന്നും ഗതാഗതം പുനഃസ്ഥാപിച്ചെന്നും പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് ബസ് ഡ്രൈവർ ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു അപകടം ബിഹാറിലെ കതിഹാർ ജില്ലയിലുണ്ടായി. ദേശീയപാത 31-ൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 13 പേർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാർഖണ്ഡിൽ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാനിലുണ്ടായിരുന്ന പത്തു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ സംശയിക്കുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.
