സൂറത്ത്: ട്രാന്‍സ്ജെന്‍റര്‍ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ഗുജറാത്തിലെ സൂറത്തിലെ മാര്‍ക്കറ്റില്‍ വിലക്ക്. വ്യാഴാഴ്ച ട്രാന്‍സ്ജന്‍ററുകളിലൊരാള്‍ പ്രദേശവാസിയായ ഒരാളെ അടിച്ചുകൊന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ററുകള്‍ക്ക് സ്ഥലത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. 

മറ്റുള്ള ആളുകളെ ട്രാന്‍സ്ജെന്‍ററുകള്‍ ഉപദ്രവിക്കുകയാണ്. അതുകൊണ്ടാണ് അവരെ വിലക്കിയത്. ഇനി ആളുകള്‍ക്ക് ശല്യമുണ്ടാക്കരുതെന്ന പാഠം അവര്‍ പഠിക്കേണ്ടതുണ്ടെന്ന് സൂറത്തിലെ ജപ്പാന്‍ മാര്‍ക്കറ്റ് പ്രസിഡന്‍റ് ലളിത് ശര്‍മ്മ പറഞ്ഞു. 

മാര്‍ക്കറ്റില്‍ ഇവരെ വിലക്കിക്കൊണ്ടുള്ള പോസ്റ്ററും പതിച്ചിട്ടുണ്ട്.  ഒരാള്‍ ചെയ്ത തെറ്റിന് തങ്ങളെ മൊത്തം ശിക്ഷിക്കുന്നത് ശരിയല്ലെന്ന് ട്രാന്‍സ്‍ജെന്‍ററുകള്‍ പ്രതികരിച്ചു. '' ഈ വിലക്കുകാരണം ഞങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ഈ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പണംകൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത് ശരിയല്ല'' - ട്രാന്‍സ്ജെന്‍ററുകളിലൊരാളായ പായല്‍ കൗര്‍ പറഞ്ഞു.