Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീക്ക് മർദ്ദനം, ഭർത്താവിനെ ചുമലിലേറ്റി നടത്തിച്ചു

ക്രൂരമായി മർദ്ദിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി; 11 പേർക്കെതിരെ പൊലീസ് കേസെടുത്തു, സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

Tribal woman beaten by villagers over suspected affair and paraded
Author
Madhya Pradesh, First Published Jul 4, 2022, 8:23 PM IST

ദേവാസ്: മധ്യപ്രദേശിലെ ദേവാസിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ച് ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. ഉദയ‍്‍നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോ‍ർപദാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തു. 

പൊലീസ് പറയുന്നത് ഇങ്ങനെ, അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നാണ് ബോർപദാവ് സ്വദേശിയായ സ്ത്രീ, ശനിയാഴ്ച രാത്രി ഹരി സിംഗ് ബിലാലയുടെ വീട്ടിലെത്തിയത്.  6 മാസമായി തമ്മിൽ പരിചയമുണ്ടെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഞായറാഴ്ച നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തിയ സ്ത്രീയുടെ ഭർത്താവ്, ഇവരെ വലിച്ചിറക്കി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും കഴുത്തിൽ ചെരിപ്പുമാല തൂക്കി തെരുവിലൂടെ നടത്തിച്ചു. വീണ്ടും മർദ്ദിച്ച ശേഷം ഭർത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ പകർത്തി. ഇതിനിടയിലും സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. 

സംഭവത്തിന് പിന്നാലെ ഹരി സിംഗ് ബിലാല നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 11 പേർക്കെതിരെയാണ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തത്. ഇതിൽ 9 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കമൽനാഥ് പറഞ്ഞു. ആദിവാസികൾ അതികഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയ നാടകങ്ങളിലാണ് ബിജെപിക്ക് താൽപര്യമെന്ന് അദ്ദേഹം വിമർശിച്ചു. 

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കഴിഞ്ഞ ദിവസം ഭൂമി തർക്കത്തിന്റെ പേരിൽ മൂന്നുപേർ ഒരു സ്ത്രീയെ ജീവനോടെ തീ കൊളുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. 

Follow Us:
Download App:
  • android
  • ios