തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെന്നും പാറയുടെ സാന്നിധ്യമാണ് തടസമാകുന്നതെന്നും രക്ഷാപ്രവർത്തനത്തിന്‌ ചുമതലയുള്ള എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ജിതേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'പാറയുടെ സാന്നിധ്യമാണ് തടസമാകുന്നത്. 40 അടിക്ക് ശേഷം മണ്ണിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് ജിയോളജിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നത്. ആ പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നിക്കല്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് മൂന്നുമണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടി വന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുനരാരംഭിച്ചു. രാവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഉന്നത ഉദ്യോഗസ്ഥരുടെ കോഡിനേഷന്‍ മീറ്റിംഗ് നടന്നു. 

കുഴല്‍ക്കിണര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പാറ; സമാന്തര കിണർ നിർമാണം തുടരുന്നു

'കിണര്‍ നിര്‍മ്മാണം സാധ്യമായില്ലെങ്കില്‍ മറ്റൊരു സാധ്യതകൂടി പരിഗണിക്കുന്നുണ്ട്. തൊട്ടടുത്ത് 100 അടിയോളം താഴ്ചയില്‍ മറ്റൊരു കിണറുണ്ട്. അതില്‍ നിന്നും 30 മീറ്റര്‍ തുരങ്കം നിര്‍മ്മിച്ചാല്‍ കുട്ടി വീണ കിണറ്റിലേക്ക് എത്താന്‍ സാധിക്കും. ആ സാധ്യതകൂടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് കിണര്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലം പരിശോധിക്കുന്നുണ്ട് അതുവരെ 2 മീറ്റർ അകലെയുള്ള കിണർ നിർമ്മാണം തുടരാനാണ് തീരുമാനം. "