റോഡിൽ അധികം വാഹനങ്ങളില്ലാത്തതിനാൽ നല്ല വേഗത്തിലായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. 

മുംബൈ: അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ സ്കൂട്ടർ അപകടത്തിൽപ്പെട്ട് 18കാരിക്ക് ദാരുണാന്ത്യം. മുംബൈ സിപി ടാങ്ക് സർക്കിളിന് സമീപത്തായിരുന്നു അപകടം. യുവതിയുടെ സുഹൃത്താണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സൗത്ത് മുംബൈ സ്വദേശിയായ സിയം ഉത്തം (18) എന്ന യുവതിയാണ് മരിച്ചത്. സുഹൃത്തായ ദിനികയ്ക്കൊപ്പം സുസുക്കി ആക്സസ് സ്കൂട്ടറിൽ ഇരുവരും യാത്ര ചെയ്യുകയായിരുന്നു. അമിത വേഗത്തിൽ ഓടിച്ച സ്കൂട്ടർ ഇടതു വശത്തുകൂടി ഒരു ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ലോറിയെ മറികടന്ന് അപ്പുറത്ത് എത്താൻ കഴിയില്ലെന്ന് മനസിലാക്കി ദിനിക പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. നല്ല വേഗത്തിലായിരുന്ന സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന്റെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിഞ്ഞു. രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സിയയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടർ ഓടിച്ച ദിനികയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് മനസിലായത്. റോഡിൽ അധികം വാഹനങ്ങളില്ലാതിരുന്നതിനാൽ ഇവർ നല്ല വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സഹായിക്കാൻ ശ്രമിക്കാതെ രക്ഷപ്പെട്ട ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം