തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് പേരാണ് രാജിവെച്ചത്. ഗോവന്‍ ജനതയെ വോട്ടിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവീകരിക്കുകയാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു. 

പനാജി: ഗോവയില്‍ (Goa) ശക്തി തെളിയിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രിന്റെ (Trinamool congress) നീക്കങ്ങള്‍ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് പേരാണ് രാജിവെച്ചത്. ഗോവന്‍ ജനതയെ വോട്ടിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവീകരിക്കുകയാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു. ലാവൂ മംലേദര്‍, റാം മന്ദ്രേകര്‍, കിഷോര്‍ പര്‍വാര്‍, സുജയ് മല്ലിക്ക് എന്നിവരാണ് രാജിവെച്ചത്. മതധ്രുവീകരണ രാഷ്ട്രീയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും തുടരാനാകില്ലെന്നും ഇവര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗോവക്കും ഗോവന്‍ ജനതക്കും നല്ല കാലം കൊണ്ടുവരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ഗോവയെയും ഗോവന്‍ ജനതയെയും പാര്‍ട്ടിക്ക് മനസ്സിലാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

ഹിന്ദുക്കളെയും കാത്തലിക് ക്രിസ്ത്യാനികളെയും വിഘടിപ്പിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രവാദി ഗോമാന്‍തക് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടത് അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കുമെന്ന വാഗ്ദാനവും വ്യാജമാണ്. പാര്‍ട്ടി ഒരിക്കലും ജയിക്കില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഒരിക്കലും നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനെയടക്കം പാര്‍ട്ടിയിലെത്തിച്ച് ഞെട്ടിച്ചിരുന്നു. അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാമെന്നാണ് തൃണമൂലിന്റെ പ്രധാന വാഗ്ദാനം.