ദില്ലി: മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. 2019-ലെ മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഓർഡിനൻസ്. നേരത്തെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.

ജനതാദൾ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാ​ഗൾ, വൈഎസ്ആർ കോൺ​ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിർത്ത് രം​ഗത്തെത്തിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് ആർടിഐ നിയമഭേദഗതി ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് പതിമൂന്ന് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

2017-ലാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്‌മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ പരി​ഗണിച്ച് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചതായി ഉത്തരവിടുകയായിരുന്നു. 

ഇതിന് പിന്നാലെ 2017 ഡിസംബർ 27-നാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് നിരോധന ബിൽ ലോക്സഭയിൽ പാസാക്കിയത്. 2018 ജനുവരി മൂന്നിന് രാജ്യസഭയിൽ അവതരിപ്പിച്ചു. എന്നാൽ, സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ടു വന്ന ഓർഡിനൻസിന്റെ കാലാവധി തീർന്നതിനെ തുടർന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണ് ഓർഡിനൻസിലെ വ്യവസ്ഥ.

വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു. ലോക്‌സഭയില്‍ പാസാവുകയും എന്നാല്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരാത്തതുമായ ബില്ലുകള്‍ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അസാധുവാകും. എന്നാല്‍ രാജ്യസഭയില്‍ പാസാവുകയും ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്യാത്ത ബില്ലുകള്‍ അസാധുവാകില്ല.