പിതാവ് മരിച്ച ഒഴിവിലേക്ക് മത്സരിച്ച ത്രിപുരയിലെ സിപിഎം സ്ഥാനാർത്ഥിയുടേത് ദയനീയ തോൽവി, കെട്ടിവച്ച കാശ് കിട്ടില്ല
ദില്ലി: ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിക്കൊപ്പം തന്നെ ചർച്ചയായ മറ്റൊരു നിയമസഭാ മണ്ഡലമുണ്ടായിരുന്നു അങ്ങ് ത്രിപുരയിൽ. സിറ്റിംഗ് സിപിഎം എംഎൽഎ ഷംസുല്‍ ഹഖിന്റെ മരണത്തെ തുടർന്നായിരുന്നു ത്രിപുരയിലെ ബോക്സാനഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പള്ളിയിൽ കുടുംബാധിപത്യവും കുടുംബ ക്വാട്ടയുമെല്ലാം ഉന്നയിച്ച് സിപിഎമ്മും ഇടതുപക്ഷവും കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് നേരെ ആക്രമണം നടത്തിയപ്പോൾ, കോൺഗ്രസ് തിരിച്ച് ഓർമിപ്പിച്ചത് ബോക്സാനഗറിലെ സ്ഥാനാർത്ഥിയെ ആയിരുന്നു. അവിടെ അന്തരിച്ച സിറ്റിങ് എംഎൽഎ ഷംസുല്‍ ഹഖിന്റെ മകൻ മിയാന്‍ ഹുസൈനായിരുന്നു സിപിഎം സ്ഥാനാർത്ഥി. ബിജെപിക്കായി ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹൊസൈനും രംഗത്തിറങ്ങി.
എന്നാൽ ന്യൂനപക്ഷ ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറിൽ ബിജെപി ചരിത്ര വിജയം സ്വന്തമാക്കി. 30,237 വോട്ടിനാണ് തഫജ്ജൽ ഹൊസൈന്റെ വിജയം. അതേസമയം മിയാൻ ഹുസൈന് ആകെ ലഭിച്ചതാകട്ടെ 3,909 വോട്ടുകൾ. സിറ്റിങ് സീറ്റിൽ മത്സരിച്ച് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ചുരുക്കം. ഉപതെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ മറ്റൊരു മണ്ഡലമായ ധൻപൂരിലും സിപിഎം തോൽവി ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ധൻപൂരില്‍ ഉപതെരഞ്ഞെടുപ്പ്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയായിരുന്നു ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്. ഇവിടെയും സിപിഎം തോൽവി ഏറ്റുവാങ്ങി. വലിയ ആദിവാസി ജനസംഖ്യയുള്ള ധൻപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടുകൾക്കാണ് വിജയിച്ചത്. ദേബ്‌നാഥിന് 30,017 വോട്ടും സിപിഎം സ്ഥാനാർത്ഥി കൗശിക് ചന്ദയ്ക്ക് 11,146 വോട്ടുമാണ് ലഭിച്ചത്.
ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലെയും ബോക്സാനഗറിലെയും വിധി അതി നിർണായകമായിരുന്നു. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബിജെപി മിന്നും വിജയം പേരിലാക്കുകയായിരുന്നു. അതേസമയം, ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരുന്നു.
