Asianet News MalayalamAsianet News Malayalam

Tripura : ത്രിപുര തെരഞ്ഞെടുപ്പ്; സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കേന്ദ്രം, ബൂത്തുകളിൽ വലിയ അതിക്രമമെന്ന് തൃണമൂല്‍

പോളിംഗ് ബൂത്തുകളിൽ വലിയ അതിക്രമം നടക്കുകയാണെന്നും ജനങ്ങളെ വോട്ടുചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് കോടതിയില്‍ പറഞ്ഞു. രണ്ട് കമ്പനി സേനയെ കൂടി വിന്യസിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു.

Tripura elections Center says no security issues Trinamool Congress says violence at booths
Author
Agartala, First Published Nov 25, 2021, 11:32 AM IST

അഗര്‍ത്തല: മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടരുന്ന ത്രിപുരയിലേക്ക് ( Tripura ) രണ്ട് കമ്പനി കേന്ദ്രസേനയെ കൂടി അടിയന്തിരമായി അയക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി (supreme court) നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷാവസ്ഥ വോട്ടെടുപ്പ് ദിനത്തിലും തുടരുകയാണെന്ന് തൃണമൂൽ കോണ്‍ഗ്രസും സിപിഎമ്മും അറിയിച്ചതോടെയാണ് വീണ്ടും സുപ്രീംകോടതി ഇടപെടൽ. വോട്ടെടുപ്പ് നടക്കുന്ന എല്ലാ പോളിംഗ് ബൂത്തുകളും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കാനും കോടതി ഉത്തരവിട്ടു.

പലര്‍ക്കും വോട്ടുചെയ്യാനാകുന്നില്ല എന്ന പരാതി പരിശോധിച്ച കോടതി സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ ത്രിപുര ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഡിജിപിയും തെരഞ്ഞെടുപ്പ് കമ്മീഷണറും നടപടിയെടുക്കണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടപടികൾ റിപ്പോര്‍ട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് തടസ്സമുണ്ടാകരുത്. വോട്ടെടുപ്പ് ദിനത്തിലെ പോലെ വോട്ടെണ്ണൽ ദിനത്തിലും സുരക്ഷ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ത്രിപുരയിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിനൊപ്പം ത്രിപുര സര്‍ക്കാരും കോടതിയെ അറിയിച്ചത്. 

പരാതികൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്നും ത്രിപുര സര്‍ക്കാര്‍ വാദിച്ചു. സംഘര്‍ഷങ്ങളുടെയും വോട്ടിംഗ് കേന്ദ്രങ്ങളിലെ ക്രമക്കേടിന്‍റെയും വീഡിയോകളുണ്ടെന്ന് തൃണമൂൽ കോണ്‍ഗ്രസിന്‍റെ അഭിഭാഷകൻ മറുപടി നൽകി. അതുപിന്നീട് പരിശോധിക്കാമെന്ന് അറിയിച്ച കോടതി കേസ് വോട്ടെണ്ണലിന് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചു. 19 നഗസഭകളിലേക്കും അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുമായി 334 സീറ്റിൽ 222 സീറ്റിലേക്കാണ് വോട്ടെടെടുപ്പ് തുടരുന്നത്. പ്രതിപക്ഷ സാന്നിധ്യമില്ലാതെ 112 സീറ്റിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങൾക്കിടെ ത്രിപുരയിൽ മുന്‍സിപ്പല്‍ തെരഞ്ഞെടപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios