വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി തലയറുത്തുമാറ്റി  

മുംബൈ: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി തലയറുത്തുമാറ്റി മൃതദേഹം ബാഗിലാക്കി കടലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. 23-കാരിയായ അഞ്ജലുയെട കൊലപാതകത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മിന്റു സിങ്ങും സഹോഹദരനുമാണ് അറസ്റ്റിലായത്. ഭയന്ദറിലെ ഉത്താൻ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസമാണ് തലയറുത്തുമാറ്റിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്. വലിയ ബാഗിൽ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം.

ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. യുവതി കൊല്ലപ്പെട്ട ശേഷം തലയറുത്ത് ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലും മൃതദേഹ ഭാഗം ബാഗിലും നിറച്ച് ബീച്ചിൽ തള്ളി. മൃതദേഹം കൊണ്ടുപോകാൻ സഹായം ചെയ്തതിനാണ് ഇയാളുടെ സഹോദരൻ അറസ്റ്റിലായത്. എന്നാൽ യുവതിയുടെ തലയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് അറിയിച്ചു.

നാട്ടുകാരാണ് സ്യൂട്ട്കേസിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. തലയില്ലത്തതിനാൽ തിരിച്ചറിയാൻ വലിയ അന്വേഷണം തന്നെ നടത്തിയെന്നും നവഘർ പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്പെക്ടർ അഭിജിത് ലാൻഡെ പറഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ വലതു കൈത്തണ്ടയിൽ 'തൃശ്ശൂലവും ഓമും' പച്ചകുത്തിയിരുന്നു. തുടർന്ന് ഒരു സംഘം പൊലീസ് ടാറ്റു കലാകാരന്മാരെ തേടിയിറങ്ങി. ബാഗും അതിൽ നിന്ന് കിട്ടിയ ചില സാധനങ്ങളും എവിടെ നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്താനുള്ള ശ്രമം മറ്റൊരു സംഘം ഉദ്യോഗസ്ഥരും തുടങ്ങി.

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ രണ്ട് മാസം മുമ്പ് താൻ ഒരു പെൺകുട്ടിക്ക് ചെയ്തു നൽകിയതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വഴിത്തിരിവായെന്നും എസ്ഐ പറഞ്ഞു.

തുടർന്ന് അയാളുടെ ഇൻസ്റ്റഗ്രാമും ക്ലയിന്റ് ഡീറ്റേൽസും പരിശോധിച്ച് പെൺകുട്ടിയുടെ ചിത്രം കണ്ടെത്തുകയായിരുന്നു. യുവതിയെ തിരിച്ചറിഞ്ഞ എത്തിയപ്പോൾ വീട് പൂട്ടിക്കിടിക്കുകയായിരുന്നു. വീട് മിന്റു സിങ്ങിന്റേതാണെന്ന് മനസിലാക്കിയ പൊലീസ് ഫോൺ ട്രേസ് ചെയ്തു. ഈ സമയം മിന്റുവും അവരുടെ 14 മാസം പ്രായമുള്ള മകനും ദാദർ സ്റ്റേഷനിലായിരുന്നു. ജന്മനാടായ ഉത്തർപ്രദേശിലേക്ക് ട്രെയിനിൽ കയറാൻ കാത്തിരിക്കുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

വിവാഹേതര ബന്ധം സംശയം, ഒടുവിൽ കൊലപാതകം

മെഹന്ദി കലാകാരിയായ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് മിന്റു സംശയിച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. മെയ് 24-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദമ്പതികൾ മകനോടൊപ്പം ഷോപ്പിങ്ങിന് പോയി. തിരിച്ചുവന്നയുടൻ ഫോൺകോളിന് മറുപടി നൽകാനായി അഞ്ജലി റൂമിലേക്ക് പോയി. ഇതിൽ പ്രകോപിതനായ മിന്റു അഞ്ജലിയെ ആക്രമിച്ചു. ദേഷ്യത്തിൽ അഞ്ജലിയെ തള്ളിയപ്പോൾ തല ചുവരിൽ ഇടിച്ച് അപ്പോൾ തന്നെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് മിന്റു പൊലീസിനോട് പറഞ്ഞത്. താൻ മദ്യപിച്ചിരുന്നതായും അയാൾ മൊഴി നൽകിയത്. പിന്നീട് അടുക്കളയിൽ നിന്ന് കത്തി എടുത്ത് അവളുടെ തല വെട്ടിമാറ്റി. ഫ്ലാറ്റിന്റെ ഹാളിൽ വെച്ച് ശരീരഭാഗം മൂന്ന് കഷണങ്ങളായി മുറിക്കുകയും ചെയ്തു. തുടർന്ന് അഞ്ജലിയുടെ ട്രാവൽ ബാഗിൽ മൃതദേഹം നിറയ്കകുകയും, തല ഒഴിഞ്ഞ പെയിന്റ് ബക്കറ്റിൽ ഇട്ട് മൂടുകയും ആയിരുന്നു എന്നും മിന്റുവിന്റെ മൊഴിയെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read more: ലോകകപ്പ് ഫുട്ബോൾ കണ്ട് മടങ്ങവെ ഇടവഴിയിൽ വച്ച് 13 -കാരന് പീഡനം: മലപ്പുറത്ത് യുവാവിന് 10 വർഷം കഠിനതടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player