മുതിർന്നവരെ ബഹുമാനിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് ബിജെപിയുടെ സംസ്കാരമാണെന്ന് പാർട്ടി വക്താവ് എൻവി സുഭാഷ് പറഞ്ഞു. അമിത് ഷായെ പോലെയുള്ള ഒരു ജ്യേഷ്ഠനെ സഹായിക്കുന്നത് ആത്മാഭിമാനം പണയംവെക്കുന്ന പ്രവൃത്തിയല്ലെന്നും സുഭാഷ് പറഞ്ഞു

ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചെരിപ്പ് കൈയിൽ പിടിച്ചെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാക്കൾ. ഞായറാഴ്ച തെലങ്കാന സന്ദർശനത്തിനിടെ ഉജ്ജൈനി മഹാങ്കാളി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരിപ്പ് ബണ്ടി സഞ്ജയ് കൈമാറുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി കെ ടി രാമറാവു ബിജെപിയെ വിമർശിച്ച് രം​ഗത്തെത്തിയത്. തെലങ്കാനയിലെ ജനങ്ങൾ ഗുജറാത്തിന്റെ അടിമകളെയാണ് കാണ്ടതെന്ന് കെടിആർ പറഞ്ഞു. സംഭവത്തെ തുടർന്ന് ടിആർഎസ് നേതാക്കൾക്കെതിരെ ബിജെപിയും രം​ഗത്തെത്തി. മുതിർന്നവരെ ബഹുമാനിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് ബിജെപിയുടെ സംസ്കാരമാണെന്ന് പാർട്ടി വക്താവ് എൻവി സുഭാഷ് പറഞ്ഞു. അമിത് ഷായെ പോലെയുള്ള ഒരു ജ്യേഷ്ഠനെ സഹായിക്കുന്നത് ആത്മാഭിമാനം പണയംവെക്കുന്ന പ്രവൃത്തിയല്ലെന്നും സുഭാഷ് പറഞ്ഞു. തന്റെ ജ്യേഷ്ഠനെപ്പോലെ ബഹുമാനത്തോടെയാണ് ബണ്ടി കുമാർ ചെരിപ്പുകൾ ഷായ്ക്ക് കൈമാറിയതെന്ന് ബിജെപി നേതാവ് പറഞ്ഞു.

എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ തെലങ്കാന അധ്യക്ഷൻ കസ്റ്റഡ‍ിയിൽ; പ്രതികാര നടപടിയെന്ന് ബിജെപി

ടിആർഎസ് നേതാക്കൾ പ്രചരിപ്പിക്കുന്നത് പോലെ സംസ്ഥാന അധ്യക്ഷൻ ചെരിപ്പ് കൊണ്ടുനടന്നിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചെരിപ്പ് കൈമാറുകയാണുണ്ടായത്. അദ്ദേഹത്തെ ജ്യേഷ്ഠനെപ്പോലെ ബഹുമാനിക്കുന്നു. പരസ്പരം ബഹുമാനിക്കുന്ന സംസ്ക്കാരമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ ടിആർഎസ് ഭരണത്തെ താഴെയിറക്കാൻ സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിച്ചതിനാൽ ടിആർഎസ് നേതാക്കൾ ആശങ്കാകുലരാണെന്നും ബിജെപി ആരോപിച്ചു. ദില്ലി മദ്യനയക്കേസിൽ എംഎൽസി കെ കവിതയുടെ പേര് ഉയർന്നതോടെ ടിആർഎസ് നേതാക്കൾ നിരാശയിലാണെന്നും ബിജെപി ആരോപിച്ചു. അതേസമയം, തെലങ്കാനയുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന പ്രവൃത്തിയാണുണ്ടായതെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അമിത് ഷായും തനിക്ക് ​ഗുരുതുല്യനായ സ​ഹോദരനാണെന്നായിരുന്നു ബണ്ടി സഞ്ജയിന്റെ മറുപടി.