ഭോപ്പാൽ: ലോക്ഡൗണിനെത്തുട‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിൽ വെച്ച് മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ മൃതദേഹം ട്രക്ക് ഡ്രൈവ‍ര്‍ വഴിയിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മുംബൈയിൽ നിന്നും ഉത്ത‍ര്‍പ്രദേശിലെ അസംഘട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളിയുടെ കുടുംബം. വഴി മധ്യേ തൊഴിലാളി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രക്ക് ഡ്രൈവർ മൃതദേഹവും തൊഴിലാളിക്കൊപ്പമുണ്ടായിരുന്ന പ്രായപൂ‍ര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും വഴിയിൽ ഇറക്കിവിട്ടു. 

രാജ്യത്ത് നിരവധി കുടിയേറ്റത്തൊഴിലാളികളാണ് ദിവസവും സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നത്. പലരും നടന്നും ട്രക്കുകളിലുമാണ് യാത്ര ചെയ്യുന്നത്. യാത്രക്കിടെ നൂറിലേറെപ്പേരാണ് വഴി മധ്യേയുണ്ടായ അപകടത്തില്‍പ്പെട്ടും മറ്റും മരിച്ചത്. അതിനിടെ രാജ്യതലസ്ഥാനത്തുനിന്നടക്കം കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുകയാണ്. ദില്ലി അതിര്‍ത്തികടക്കാന്‍  തൊഴിലാളികളുടെ കിലോമീറ്ററുകള്‍ നീണ്ട നിരയാണുള്ളത്. പലയിടങ്ങളിലും സമൂഹിക അകലം പാലിക്കാതെയാണ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രയെന്നത് കൊവിഡ് പടരുന്നതിന്‍റെ സാധ്യത വ‍ധിപ്പിക്കുന്നു.