മുംബൈ: കരിഞ്ചന്തയില്‍ കൂടിയ വിലക്ക് മാസ്‌കുകള്‍ വില്‍ക്കാന്‍ കള്ളക്കടത്ത് നടത്തിയ മൂന്ന് ട്രക്കുകള്‍ മുംബൈ പാലീസ് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. 15 കോടി വിലവരുന്ന 25 ലക്ഷം മാസ്‌കുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 32,5000 എന്‍-49 മാസ്‌കുകളും മറ്റ് വിവിധ തരം മാസ്‌കുകളുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. 

മുബൈ പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയത്. മുംബൈയിലും താനെയിലുമാണ് പരിശോധന നടത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ഉപയോഗിക്കുന്ന മാസ്‌കുകള്‍ ഒരുസംഘം പൂഴ്ത്തിവെച്ച് കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മാസ്‌കുള്‍പ്പെടെ പല അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 101 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് രോഗികള്‍ മരിച്ചു.