ദര്‍ഭന്‍ഗ(ബിഹാര്‍): കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീഴ്ച പറ്റിയെന്നും എന്നാല്‍ കൃത്യമായ തീരുമാനത്തിലൂടെ ഇന്ത്യയിലെ 130 കോടി ജനങ്ങളെ നരേന്ദ്ര മോദി രക്ഷിച്ചെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് നദ്ദയുടെ പ്രസ്താവന. വാര്‍ത്താഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്ന ആരോപണമാണ് ട്രംപിനെതിരെയുള്ളത്. എന്നാല്‍ മോദി സമയബന്ധിതമായ തീരുമാനത്തിലൂടെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു. ബിഹാര്‍ ജനത സ്വന്തം വിധി തെരഞ്ഞെടുക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. ജനങ്ങളുടെ വികസനവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്ല റോഡുകളുമൊക്കെയാണ് ഒരു വശത്ത്. മറുവശത്താകട്ടെ നിയമ തകര്‍ച്ചയും വികസന വിരുദ്ധതയും. ഏത് വേണമെന്ന് ജനം തീരുമാനിക്കണമെന്നും നദ്ദ പറഞ്ഞു. 

ശനിയാഴ്ചയാണ് ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ്. രാജ്യത്ത് ഇതുവരെ 84 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1.24 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.