ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ്. മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥാനമായ രാജ്ഘട്ടിൽ ഡൊണൾഡ് ട്രംപ് പുഷ്പ ചക്രം അർപ്പിച്ചു. വെള്ള പുഷ്പങ്ങളാൽ നിർമ്മിച്ച റീത്താണ് ട്രംപും മെലാനിയ ട്രംപും രാജ്ഘട്ടിൽ സമർപ്പിച്ചത്. 

സ്വതന്ത്ര പരാമാധികാര രാഷ്ട്രമായ ഇന്ത്യയെന്ന് മഹാത്മാഗാന്ധിയുടെ ആശയത്തിന് അമേരിക്കൻ ജനതയുടെ ആദരമെന്ന് ട്രംപ് രാജ്ഘട്ടിലെ സന്ദർശകരുടെ പുസ്തകത്തിൽ കുറിച്ചു. 

ഇതിന് മുമ്പ് ഇന്ത്യ സന്ദർശിച്ച എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും അമേരിക്കൻ പ്രസിഡൻ്റുമാരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. രാജ്ഘട്ടിൽ വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച ട്രംപ് പ്രധാനമന്ത്രിയുമായുള്ള ചർച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു. പത്തരമണിയ്ക്ക് രാജ്ഘട്ടിലെത്തുന്ന ട്രംപ് 11 മണിക്ക് ഹൈദരാബാദിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും. 

ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തിൽ നിലവിൽ വ്യക്ത കുറവുണ്ട്. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.