Asianet News MalayalamAsianet News Malayalam

'ഹെലികോപ്ടറില്‍ നിന്ന് മോദി പണം വിതറും, കാത്തിരുന്ന് ജനങ്ങള്‍';വ്യാജ വാര്‍ത്ത നല്‍കിയ ചാനലിന് നോട്ടീസ്

പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സർക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു

tv channel got notice for giving fake news as pm modi to drop cash from chopper
Author
Bengaluru, First Published Apr 17, 2020, 10:37 AM IST

ബംഗളൂരു: ഹെലികോപ്ടറില്‍ നിന്ന് മോദി പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ കന്നഡ ചാനലിനെതിരെ നടപടി. പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്ന വ്യാജ വാർത്ത നല്‍കിയ പബ്ലിക്ക് ടി വി എന്ന ചാനലിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത നല്‍കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

10 ദിവസത്തിനുള്ളില്‍ നോട്ടീസിന് ചാനല്‍ മറുപടി നല്‍കണം. ഏപ്രില്‍ 15നാണ് ചാനല്‍ ലോക്ക്ഡൗണ്‍ സമയത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത ചാനല്‍ നല്‍കിയത്. കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സർക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.

ഹെലികോപ്റ്ററില്‍ പട്ടണങ്ങളില്‍ സർക്കാർ പണം വിതറുമെന്ന് വാർത്ത; വസ്തുത ഇതാണ്

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 'ഹെലികോപ്റ്റർ മണി'യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാർത്ത നല്‍കിയത്. എന്നാല്‍ 'ഹെലികോപ്റ്റർ മണി'യില്‍ ഒരു പാളിച്ച പറ്റുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ പണം അച്ചടിച്ച് സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരാനുള്ള ശ്രമത്തിനാണ് 'ഹെലികോപ്റ്റർ മണി' എന്ന് പറയുന്നത്.

അല്ലാതെ, ആകാശമാർഗം ആളുകളുടെ കയ്യിലേക്ക് പണം വിതരണം ചെയ്യുന്നു എന്നല്ല ഇതിനർഥം. തെലങ്കാന മുഖ്യമന്ത്രിയുടെ 'ഹെലികോപ്റ്റർ മണി' പ്രയോഗം തെറ്റിദ്ധരിച്ച് ഹെലികോപ്റ്ററില്‍ പണം വിതറുന്നു എന്ന് വാർത്ത നല്‍കുകയായിരുന്നു. ഈ വാർത്ത ട്വിറ്ററും വാട്‍സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിച്ചപ്പോള്‍ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സർക്കാർ നോട്ട് വിതറും എന്നായി മാറി. 

Follow Us:
Download App:
  • android
  • ios