മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് തന്നെ! അംഗീകരിച്ചാൽ സഖ്യ ചർച്ച, 2026 തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ടിവികെ
2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ - ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണം.

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടൻ വിജയ്ന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയാണ് വിജയ് എന്ന് വ്യക്തമാക്കുന്നതാണ് ടി വി കെയുടെ നിലപാട്. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു. 2026 ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി വി കെ വിവരിച്ചു. 2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ - ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണം.
അതേസമയം കുട്ടികളുടെ വിഭാഗവും വിജയ് യുടെ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ചു എന്നതാണ് ടി വി കെയെ സംബന്ധിച്ചടുത്തോളം പുറത്തുവരുന്ന പുതിയ വാർത്ത. 28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുമുള്ളത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവർത്തനത്തിൽ സഹകരിപ്പിക്കുക എന്നത് വ്യക്തമല്ല. ഐ ടി , കാലാവസ്ഥാ പഠനം , ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ , ഭിന്നശേഷിക്കാർ , വിരമിച്ച സർക്കാർ ജീവനക്കാർ , പ്രവാസികൾ എന്നിവർക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ടി വി കെ നേതാക്കളുമായി ചർച്ച നടത്തി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതടക്കം കാര്യങ്ങൾ പ്രശാന്ത് കിഷോർ, ടി വി കെ നേതൃത്വവുമായി ചർച്ച ചെയ്തെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ടി വി കെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശാന്ത് കിഷോറുമായി എന്തൊക്കെ കാര്യങ്ങളാണ് ചർച്ച നടത്തിയതെന്നും ടി വി കെ നേതൃത്വം പുറത്തുവിട്ടിട്ടില്ല.
പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയുന്നത്; വിജയ്നെതിരെ ഒളിയമ്പുമായി സ്റ്റാലിൻ
