കരൂരിൽ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ വിജയ് മടങ്ങിയത് വിവാദമാകുന്നു. മണിക്കൂറുകൾക്ക് ശേഷം താരം എക്സിലൂടെ ദുഃഖം രേഖപ്പെടുത്തി. നിലവിൽ വിജയുടെ ചെന്നൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവത്തിൽ വിജയ് മടങ്ങിയത് വിവാദമാകുന്നു. റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും. നിലവിൽ വിജയ് ചെന്നൈയിൽ എത്തിയിട്ടുണ്ട്. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം എക്സിലൂടെ വിജയുടെ പ്രതികരണവുമെത്തി. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.


