പീഡനത്തിനിരയായിട്ടില്ലെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നുമായിരുന്നു പിതാവിന്‍റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിലെത്തിയ യുവതിയെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡനത്തിനിരയായ കേസിൽ വഴിത്തിരിവ്. പീഡനത്തിനിരയായിട്ടില്ലെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. പീഡനക്കേസിൽ കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് പീഡന പരാതി തള്ളികൊണ്ട് ഇരയായ യുവതിയുടെ പിതാവ് തന്നെ നാടകീയമായി രംഗത്തെത്തിയത്.

പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വ‍ർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് കൊല്‍ക്കത്ത ഐഐഎമ്മിലെത്തിയ യുവതി പീഡനിത്തിനിരയായെന്ന പരാതി ഉയര്‍ന്നത്. കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗ് നൽകാനെത്തിയ വിദ്യാർത്ഥിനിയേയാണ് പരമാനന്ദ് പീഡിപ്പിച്ചതെന്നാണ് പൊലീസ് കേസ്. വെള്ളിയാഴ്ച വൈകിട്ടാണ് സൈക്കോളജിക്കൽ കൗണ്‍സിലറായ യുവതി പൊലീസിൽ പരാതി നൽകിയത്.

സൈക്കോളജിക്കൽ കൗണ്‍സിലിങ് നൽകാൻ ആവശ്യപ്പെട്ടാണ് യുവതിയെ ഐഐഎമ്മിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് കൗണ്‍സിലിങ് സെഷൻ നടത്തുന്നതിനായി യുവാവ് യുവതിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാൽ അവഗണിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

ഹോസ്റ്റലിനുള്ളിൽ വച്ച് ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ യുവതിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു. 

ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ നാലു പേർക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലിൽ നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് അന്വേഷം നടക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് ആരോപണം നിഷേധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. മകളോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും പിടിയിലായ വിദ്യാര്‍ത്ഥിയെ മകള്‍ക്ക് അറിയില്ലെന്നും പിതാവ് പറഞ്ഞു. 

അവള്‍ സുഖമായിരിക്കുകയാണെന്നും ഇപ്പോള്‍ ഉറങ്ങുകയാണെന്നും പിതാവ് ഇന്ന് വൈകിട്ട് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.34നാണ് തനിക്ക് ഫോണ്‍ കോള്‍ വരുന്നതെന്ന് പിതാവ് പറഞ്ഞു. ഓട്ടോറിക്ഷയിൽ നിന്ന് വീണ് മകളുടെ ബോധം പോയെന്നാണ് ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നത്. തുടര്‍ന്ന് എസ്എസ്കെഎം ആശുപത്രിയിലെ ന്യൂറോളജി ഡിപാര്‍ട്ട്മെന്‍റിൽ വെച്ചാണ് മകളെ കണ്ടതെന്നും പൊലീസാണ് അവിടെ എത്തിച്ചതെന്നും പിതാവ് പറഞ്ഞു.

പിതാവിന്‍റെ വൈരുധ്യം നിറഞ്ഞ പ്രതികരണം പുറത്തുവന്നെങ്കിലും യുവതിയുടെ പരാതിയുള്ളതിനാൽ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. അതേസമയം, സംഭവം നടന്നശേഷം പെണ്‍കുട്ടി ആദ്യം തകുര്‍പുകര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാനെത്തിയതെന്നും ഐഐഎം കൊല്‍ക്കത്ത ക്യാമ്പസ് ഹരിദേവ്‍പുര്‍ സ്റ്റേഷന്‍റെ പരിധിയിലായതിനാൽ അങ്ങോട്ടോക്ക് പോവുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ആദ്യത്തെ സ്റ്റേഷനിലെ വനിത പൊലീസും യുവതി ഹരിദേവ്പുര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടുപോയിരുന്നു. പിതാവിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, കേസിൽ അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ കോടതി ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിലെ ലോ കോളേജിൽ വച്ച് വിദ്യാർത്ഥിനിയെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ നേതാവ് കൂടിയായ യുവാവും മറ്റ് രണ്ട് പേരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ കേസ്.