ബിജെപി നേതാവ് ശിവ് കുമാർ ഗുപ്തയാണ് മകന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ അമ്മ രംഗത്ത്. ഇതിനിടെ കൊലപാതകികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

ലഖ്‍നൗ: വ്യാഴാഴ്ച കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ മരണത്തിൽ ലഖ്‍നൗവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്ത്. മഹ്‍മുദാബാദിലെ ഒരു ക്ഷേത്രത്തിന്‍റെ നി‍‍‍ർമാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, ഈ കൊലപാതകത്തിന് പിന്നിലും ഗുപ്‍ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചു. 

എന്നാൽ കമലേഷ് തിവാരിയുടെ ഭാര്യയ്ക്ക് മറ്റൊരു ആരോപണമാണ് ഉന്നയിക്കാനുള്ളത്. പ്രവാചകനെതിരെ മോശം പരാമർശങ്ങളുള്ള പ്രസംഗം നടത്തിയതിന് കമലേഷ് തിവാരിയുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ബിജ്‍നോർ സ്വദേശികളായ രണ്ട് മൗലാനമാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഭാര്യ പറയുന്നത്. ഇതനുസരിച്ച് മുഹമ്മദ് മുഫ്‍തി നയീം, അൻവറുൾ ഹഖ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്ത് അന്വേഷണം മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് പുതിയ ആരോപണവുമായി തിവാരിയുടെ അമ്മ രംഗത്തെത്തുന്നത്. 

വെള്ളിയാഴ്ച രാത്രിയോടെ പോസ്റ്റ്‍മോർട്ടം കഴിഞ്ഞ ശേഷം ജാഥയായി പ്രവർത്തകരുടെ അകമ്പടിയോടെയാണ് കമലേഷ് തിവാരിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ലഖ്‍നൗവിലെ സീതാപൂർ ജില്ലയിലെ മഹ്‍മൂദാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട കമലേഷ് തിവാരി. 

കൊലപാതകവുമായി അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ശിവ് കുമാർ ഗുപ്തയെ താൻ സംശയിക്കുന്നുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്. ''ബിജെപി നേതാവായ ശിവ് കുമാർ ഗുപ്തയാണ് കൊലയ്ക്ക് പിന്നിൽ. എനിക്കെന്‍റെ മകന്‍റെ മൃതദേഹം കാണണം. അവന് നീതി കിട്ടണം. ഞാൻ മരിച്ചാലും അത് ഞാനവന് വാങ്ങി നൽകും. ഗുപ്‍തയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണം. അതാരും കേൾക്കുന്നില്ല. തത്തേരി എന്നയിടത്തെ മാഫിയാതലവനാണ് ശിവ് കുമാർ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാൾക്കെതിരെ ഉണ്ട്. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റായ അയാൾ അതിന്‍റെ നി‍‍ർമാണവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിൽ എന്‍റെ മകനെ ആസൂത്രണം നടത്തി കൊല്ലുകയായിരുന്നു. 

എന്നാൽ കമലേഷ് തിവാരിയുടേത് വാക്കുതർക്കം മൂലമുണ്ടായ തർക്കമാണെന്നും, 'രാഷ്ട്രീയ'മല്ലെന്നും പൊലീസ് പറയുന്നു. ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ, കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് തിവാരിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തിവാരിയെ കാണാനെത്തിയ രണ്ട് പേർ, വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നുണ്ട്.

കൊലപാതകികൾ സിസിടിവിയിൽ

ലഖ്‍നൗ ഇൻസ്പെക്ടർ ജനറൽ എസ് കെ ഭഗതിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ കാവി നിറമുള്ള കുർത്തകളണിഞ്ഞ രണ്ട് പേർ തിവാരിയുടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം. തിവാരിയ്ക്ക് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. അകത്ത് നിന്ന് ഇവരെ കടത്തിവിടാൻ നിർദേശം കിട്ടിയതിനെത്തുടർന്ന് കാവൽ നിന്ന പൊലീസുദ്യോഗസ്ഥൻ ഇവരെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു. ഇതിന് ശേഷം തിവാരി ഇവരോടൊപ്പം പുറത്ത് പോയി. ചായ കുടിക്കുന്നതിനിടെയാണ് രണ്ട് പേരിൽ ഒരാൾ തിവാരിയെ കുത്തുന്നത്. 

Scroll to load tweet…
Scroll to load tweet…