തിരുവനന്തപുരം: മുംബൈയിൽ വൻ സാനിറ്റൈസർ വേട്ട. പൂഴ്ത്തിവച്ച 2.5ലക്ഷം രൂപ വിലവരുന്ന സാനിറ്റൈസർ ബോട്ടിലുകൾ പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ക്രൈംബ്രാഞ്ചിന്‍റെ ചെമ്പൂർ യൂണിറ്റ് മാഹിമിലെ ഒരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് സാനിറ്റൈസർ ശേഖരം കണ്ടെത്തിയത്. ആകെ 5000 ബോട്ടിലുകളാണ് ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. 50 രൂപ വിലയിട്ട സാനിറ്റൈസർ ഇരട്ടി വിലയ്ക്ക് മറിച്ച് വിൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. 

സംഭവം ആസൂത്രണം ചെയ്ത മൂന്ന് പേരെയും ഫ്ലാറ്റിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ ലബോററ്ററീസിൽ നിർമ്മിച്ച സാനിറ്റൈസറുകൾ മെഡിക്കൽ സ്റ്റോറുകളെ മറയാക്കി വ്യാപകമായി സംഭരിക്കുകയായിരുന്നു. മുംബൈയിൽ മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൂഴ്ത്തിവയ്ക്കുന്നത് വ്യാപകമായതോടെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അന്ധേരിയിൽ നടത്തിയ റെയ്ഡിൽ 15 കോടിയുടെ മാസുകുകളാണ് പിടികൂടിയത്.