മുംബൈ: ലോക്ക്ഡൗണിനിടെ റോഡിലിറങ്ങി ടിക് ടോക്ക് ചെയ്ത യുവാക്കാളെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈയിലെ ഡോംഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മൊഹമ്മദ് ഹസൻ (24), ആസിഫ് റാഷിദ് (19) എന്നിവരാണ് അറസ്റ്റിലായത്. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആരോ അയച്ചുകൊടുത്ത വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ടിക്‌ ടോക്കിൽ നിരവധി ഫോളോവേഴ്‌സ് ഉള്ളവരാണ് ഇവർ രണ്ടു പേരുമെന്ന് പൊലീസ് പറയുന്നു.
 
ടിക്‌ ടോക്ക് ഐഡിയിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് പൊലീസ് ഇവർ രണ്ടു പേരെയും പിടികൂടിയത്. കടുത്ത നിയന്ത്രണങ്ങൾക്കിടെ ഇത്തരം കാര്യങ്ങൾക്കായി ആളുകൾ പുറത്തിറങ്ങുന്നത് അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.