ദില്ലി: ദക്ഷിണേന്ത്യയും മധ്യ ഇന്ത്യയുടെ തീരമേഖലകളും ചുഴലിക്കാറ്റ് ഭീഷണിയിൽ നിൽക്കുമ്പോൾ ഉത്തരേന്ത്യ ചുട്ടുപൊള്ളുകയാണ്. രാജ്യത്ത് ഇതേവരെ അനുഭവപ്പെട്ടതിൽ ഏറ്റവും നീണ്ടതും ഏറ്റവും ചൂടേറിയതുമായ ഉഷ്ണക്കാറ്റ് പ്രതിഭാസത്തിലൂടെയാണ് ഉത്തരേന്ത്യ കടന്നു പോകുന്നത്. ഇന്നലെ ദില്ലിയിൽ അനുഭവപ്പെട്ട 48 ഡിഗ്രി ചരിത്രത്തിൽ ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ചൂടാണ്.

കേരളാ എക്സ്‍പ്രസിൽ ഇന്നലെ മരിച്ച വൃദ്ധരായ നാല് പേരും കൊടുംചൂട് സഹിക്കാനാവാതെയാണ് മരിച്ചതെന്ന് കൂടെ യാത്ര ചെയ്ത മലയാളികളുൾപ്പടെ 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞിരുന്നു. ആഗ്രയിൽ നിന്ന് യാത്ര തുടങ്ങിയ ഒന്നര മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയെന്ന് യാത്രാ സംഘത്തിലെ അംഗവും മലയാളിയുമായ രുക്മിണി പറയുന്നു. 

പ്രായമായവർക്ക് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് റെയിൽവേയെ വിവരം അറിയിക്കുകയായിരുന്നു. ഝാൻസിയിൽ എത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച നാല് യാത്രക്കാരുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം വിമാനമാർഗ്ഗം കോയമ്പത്തൂരിലാണ് എത്തിക്കുക. മറ്റു രണ്ട് പേരുടെ മൃതദേഹങ്ങൾ റോഡ് മാർഗ്ഗം തമിഴ്നാട്ടിൽ എത്തിക്കുമെന്നാണ് വിവരം. ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ, എന്നിവരാണ് മരിച്ചത്. എല്ലാവരും 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ.

നിർജലീകരണം മൂലം ഉണ്ടായ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം. തമിഴ്നാട്ടിൽ നിന്നും ആഗ്ര, വാരാണസി എന്നിവിടങ്ങളിലേക്ക് യാത്ര പോയ സംഘത്തിൽപെട്ടവരാണ് മരിച്ചത്. 

വരണ്ടുണങ്ങി ഗ്രാമങ്ങളും നഗരങ്ങളും

കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചൂട് 45 ഡിഗ്രിയിൽ കൂടുതൽ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഝാൻസി, ചുരു, ബിക്കാനീർ, ഹിസാർ, ഭിവാനി, പട്യാല, ഗ്വാളിയർ, ഭോപ്പാൽ എന്നിവിടങ്ങളിലാണ്. 

ദില്ലിയിൽ ഇന്നലെ 48 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്. പാലം വിമാനത്താവളത്തിൽ ചെറിയ ചാറ്റൽ മഴ പെയ്തതിനാൽ 45.4 ഡിഗ്രി ചൂട് രേഖപ്പെടുത്തി. 

32 ദിവസമായി ഉത്തരേന്ത്യ ഉഷ്ണക്കാറ്റ് പ്രതിഭാസത്തിലൂടെ കടന്നുപോവുകയാണ്. ജൂൺ മാസം മുഴുവൻ വേനൽക്കാലമാണ് ഉത്തരേന്ത്യയിൽ. 1988-ലും 2016-ലും ഇത്തരം ഉഷ്ണക്കാറ്റ് പ്രതിഭാസം ഉത്തരേന്ത്യയിൽ അനുഭവപ്പെട്ടിരുന്നു. നദികൾ വറ്റിവരണ്ടു. ദില്ലിയിൽ കടുത്ത ഊർജക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം 6686 മെഗാവാട്ട് വൈദ്യുതിയാണ് ദില്ലിയിൽ ഉപയോഗിച്ചത്. 

ഹിൽസ്റ്റേഷനുകളിൽ പോലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മസൂരിയിൽ 30.5 ഡിഗ്രി സെൽഷ്യസും ധരംശാലയിൽ 33.8 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലത്തെ താപനില.

ഉത്തരേന്ത്യൻ കുടിവെള്ളക്ഷാമത്തിന്‍റെ നേർച്ചിത്രങ്ങൾ താഴെക്കാണാം (ചിത്രങ്ങൾ : Getty Images)