Asianet News MalayalamAsianet News Malayalam

രാജ്യത്ത് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു: നേട്ടം കൈവരിച്ചത് 18 മാസം കൊണ്ട്

പതിനെട്ട് മാസം കൊണ്ട് 200 കോടി വാക്സീൻ വിതരണം ചെയ്ത് ഇന്ത്യ റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റ് ചെയ്തു.

two hundred crore vaccine distributed in india
Author
Delhi, First Published Jul 17, 2022, 12:37 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീന്‍ വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു. 18 മാസം കൊണ്ടാണ് രാജ്യം ഈ  നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്സീന്‍ വിതരണം കൃത്യം 18 മാസം പിന്നിടുമ്പോഴാണ് അപൂർവ നേട്ടം. ഇന്ന് പന്ത്രണ്ടേ കാലോടെ ഇന്ത്യയിലാകെ വിതരണം ചെയ്ത വാക്സീന്‍ ഡോസുകളുടെ എണ്ണം ഇരുന്നൂറ് കോടി പിന്നിട്ടു. പ്രധാന മന്ത്രി നരേന്ദ്രമോദി അപൂർവ നേട്ടത്തില്‍ നിർണായക പങ്ക് വഹിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. രാജ്യത്താകെ 47000 സർക്കാർ കേന്ദ്രങ്ങളിലായാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവർക്ക് വീടുകളിലെത്തി വാക്സീന്‍ നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കിയിരുന്നു. കൊവിഡ് നാലാം തരംഗ സാധ്യത നിലനില്‍ക്കേ ബൂസ്റ്റർ ഡോസുകൾ പരമാവധി നല്‍കുന്നതിലാണ് ഇപ്പോൾ കേന്ദ്രത്തിന്‍റെ ശ്രദ്ധ. ജൂലൈ പതിനഞ്ച് മുതല്‍ 75 ദിവസം പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 55,14,860 പേർക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്തു കഴിഞ്ഞു.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. 
 

Follow Us:
Download App:
  • android
  • ios