കാഠ്മണ്ഡു: ലോക്ക്ഡൗൺ നീട്ടിയതോടെ നേപ്പാളിൽ നിന്ന് സൈക്കിൾ ചവിട്ടി ഇന്ത്യയിലേക്ക് വരികയായിരുന്ന യുവാക്കൾക്ക് ദാരുണാന്ത്യം. കുത്തനെയുള്ള വളവില്‍ നിന്ന് സൈക്കിള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ മുകേഷ് ഗുപ്തയും സന്തോഷ് മഹതോയുമാണ് മരിച്ചത്. 

150 മീറ്റര്‍ താഴ്ചയിലേക്കാണ് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കാഠ്മണ്ഡുവിന് മുപ്പത് കിലോമീറ്റര്‍ അകലെ ജാക്രിദാദയിൽ വച്ചായിരുന്നു സംഭവം. മലയോര മേഖലയായതിനാൽ കുത്തനെ ഉള്ള ഇറക്കത്തിനിടെ നിയന്ത്രണം വിട്ട സൈക്കിൾ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ലോക്ക്ഡൗണ്‍ മൂന്നാഴ്ച കൂടി നീട്ടിയതോടെയാണ് നേപ്പാളില്‍ നിന്ന് യുവാക്കൾ സൈക്കിളില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. കൈവശമുണ്ടായിരുന്ന പണവും തീർന്നിരുന്നു. പഴയ പേപ്പറുകളും കളും മറ്റും ശേഖരിച്ച് വില്‍പ്പന നടത്തുന്നവരായിരുന്നു ഇരുവരും.