Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു

ഏറ്റുമുട്ടലിനെക്കുറിച്ച് ജമ്മു കശ്മീർ പൊലീസ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. "അവന്തിപോറയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ജോലി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.''
  

two militants killed and two policemen injured at awantipora encounter
Author
Srinagar, First Published Jan 21, 2020, 1:40 PM IST

ശ്രീന​ഗർ: ജമ്മു കശ്മീർ അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചതായി പൊലീസ്. രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസും സുരക്ഷ സേനയും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തുന്നത്. മേഖല സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ട തീവ്രവാദികൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അവന്തിപോരിലെ സത്പൊക്രാൻ ക്രൂ പ്രദേശത്താണ് ഏറ്റമുട്ടൽ നടക്കുന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ വെടിവയ്പ് നിർത്തിവച്ചിരിക്കുകയാണ്. 

ഇവിടങ്ങളിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. അധികസേനയെ ഇവിടെ വിന്യസിച്ചതായി റിപ്പോർട്ടുകൾ‌ വ്യക്തമാക്കുന്നു. "അവന്തിപോറയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ജോലി തുടരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.'' ഏറ്റുമുട്ടലിനെക്കുറിച്ച് ജമ്മു കശ്മീർ പൊലീസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.
  
ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരുമായി സൈന്യം ഏറ്റുമുട്ടൽ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ 55 രാഷ്ട്രീയ റൈഫിൾ അംഗങ്ങളും പൊലീസും സംയുക്തമായാണ് പോരാട്ടം നടത്തിയത്. ഷോപിയാനിലെ വാഞ്ചി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹ്മദ് 2018 ൽ സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഷോപ്പിയൻ ജില്ലയിലെ വാഞ്ചി പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന ഒളിത്താവളം വളയുകയായിരുന്നു. കീഴടങ്ങാൻ തീവ്രവാദികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios