മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ലൊക്കേഷൻ തുടർച്ചയായി ലഭിക്കുന്നുണ്ട്.
മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ മുംബൈ സിഎസ്ടിയിൽ നിന്ന് പൻവേലിലേക്ക് എത്തിയെന്ന് സൂചന. നേരത്തെ ഇവരുടെ ഫോണിന്റെ നിർണായക ലൊക്കേഷൻ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് ഇവരുടെ ലൊക്കേഷൻ വിവരങ്ങൾ മുംബൈയിലെ മലയാളി അസോസിയേഷനും കൈമാറി. ഇവരുടെ നേതൃത്വത്തിൽ പൻവേലിൽ തെരച്ചിൽ തുടരുകയാണ്.
രാത്രി പത്തരയോടെയാണ് ഇവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ലഭിച്ച് തുടങ്ങിയത്. ഇവർ ഫോണിൽ മറ്റൊരു സിം കാർഡ് ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ പൊലീസിന് ലഭിച്ചു. അപ്പോൾ ഫോൺ മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു. പിന്നീട് തുടർച്ചായായി ലൊക്കേഷൻ ലഭിച്ചു. സിഎസ്‍ടിയിൽ നിന്ന് ഇവർ പൻവേലിലേക്ക് വരികയാണെന്നാണ് ലൊക്കേഷൻ ട്രാക്ക് ചെയ്തപ്പോൾ മനസിലായത്. ഇതിനിടെ ഇവർ നേരത്തെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വിളിച്ച് തങ്ങൾ പൻവേലിലേക്ക് വരികയാണെന്നും പറഞ്ഞു. ഇതോടെ പെൺകുട്ടികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പൻവേലിലേക്ക് സിഎസ്ടിയിൽ നിന്ന് എത്തുന്ന ട്രെയിനുകളെല്ലാം മലയാളി അസോസിയേഷൻ പ്രവർത്തകർ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണ്. പുതിയ ടവർ ലൊക്കേഷനുകൾ കേരള പൊലീസ് കൈമാറുകയും ചെയ്യുന്നുണ്ട്. റെയിൽവെ പൊലീസും ഇവരെ സഹായിക്കുന്നുണ്ട്. ഇന്ന് രാത്രി തന്നെ കുട്ടികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ പൊലീസ് പങ്കുവെയ്ക്കുന്നുണ്ട്.
Read also: 'മുടി സ്ട്രൈറ്റ് ചെയ്യണം, മുഖത്തിന്റെ ലുക്ക് മാറ്റണമെന്നാണ്' പെൺകുട്ടികൾ പറഞ്ഞതെന്ന് സലൂൺ ഉടമ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
