ബൈക്ക് യാത്രികര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി പോവാന്‍ തുടങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ സംഭവമുണ്ടായത്.

റായ്പൂര്‍: അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ തയ്യാറാകാതെ മാറിനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മനുഷ്യത്വമില്ലായ്മയെ കുറിച്ച് നമ്മള്‍ പല തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ഛത്തീസ്‍ഗഢിന്‍റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് നേരെ വിപരീതമായ സംഭവം എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അവിടെ ബൈക്കില്‍ നിന്ന് 'വീണ' രണ്ട് പേരെ സഹായിക്കാന്‍ ഓടിയെത്തിയ രണ്ട് പേര്‍ക്ക് നേരിടേണ്ടിവന്നത് ആരെയും ഉലയ്ക്കുന്ന ദുരനുഭവമാണ്.

റായ്പൂരിലെ സരസ്വതി നഗർ പ്രദേശത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേര്‍ ബാലന്‍സ് തെറ്റി റോഡില്‍ വീണു. ആ വഴി നടന്നു പോവുകയായിരുന്ന രണ്ട് പേര്‍ ഉടനെ ഇരുവരെയും സഹായിക്കാന്‍ ഓടിച്ചെന്നു. റോഡില്‍ വീണ ബൈക്ക് നേരെ വെയ്ക്കാന്‍ സഹായിക്കുകയും ചെയ്തു.

ബൈക്ക് യാത്രികര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി പോവാന്‍ തുടങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ സംഭവമുണ്ടായത്. ബൈക്ക് യാത്രക്കാരിലൊരാള്‍ ഒളിപ്പിച്ചുവെച്ച കത്തി പുറത്തെടുത്തു. ഇതോടെ സഹായിക്കാന്‍ എത്തിയവരില്‍ ഒരാള്‍ ഒരുവിധത്തില്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ പ്രതികള്‍ രണ്ടാമത്തെയാള്‍ക്കെതിരെ തിരിഞ്ഞു. പ്രതികളുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ അദ്ദേഹം നിലത്തുവീണു. 

നേരത്തെ പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടയാള്‍, തിരിച്ചുവന്ന് രണ്ടാമനെ രക്ഷിക്കാന്‍ ശ്രമിച്ചു. കുറേനേരത്തെ പിടിവലിക്കു ശേഷം എങ്ങനെയോ ഇരുവരും ഓടിപ്പോകുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചെന്നും എന്നാല്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കവര്‍ച്ച നടത്താന്‍ പ്രതികള്‍ ബൈക്കില്‍ നിന്ന് വീണതായി അഭിനയിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ എത്ര പണമാണ് കവര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യത്തില്‍ ബൈക്ക് നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.