കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച് ബെഹര്‍ ജില്ലയിലെ റാംപൂരിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്കും 10 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് രണ്ട് റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘര്‍ഷമുണ്ടായത്.

ബിജെപി അനുഭാവികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ബിജെപി അനുകൂല പ്രദേശത്ത് പ്രതിഷേധം നടത്തുന്നതിനിടെ പൊലീസിനെ ഉപയോഗിച്ച് ടിഎംസി അടിച്ചൊതുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ ജെനറല്‍ സെക്രട്ടറി സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു. 

എന്നാല്‍ ഈ ആരോപണം നിഷേധിച്ച ടിഎംസി ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുള്‍ ജലീല്‍ അഹമ്മദ്, ബിജെപി പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി.