ദില്ലി: രാജ്യ തലസ്ഥാനത്ത് നടന്ന വർഗ്ഗീയ കലാപത്തിലെ മരണം 38 ആയി ഉയർന്നു. കലാപത്തെ കുറിച്ച് ദില്ലി ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  രണ്ട് ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. ഡിസിപി ജോയ് ടിർകി, ഡിസിപി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

അതിനിടെ ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ പൊലീസിന്‍റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് ദില്ലി പൊലീസിന് നല്‍കിയത്. എന്നാല്‍ ഇതില്‍ കാര്യമായ നടപടികള്‍ ഒന്നും എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ മൗജപൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

ഇത് പ്രകാരം തന്നെ നടന്ന സംഭവങ്ങള്‍ ഞായറാഴ്ചയ്ക്ക് ശേഷം കൈവിട്ടുപോയി വലിയ വര്‍ഗ്ഗീയ കലാപമായി പരിണമിക്കുകയായിരുന്നു. എന്നാല്‍ പ്രദേശിക പൊലീസിന് നല്‍കിയ ഈ വിവരങ്ങള്‍ ഇവര്‍ കൃത്യമായി പിന്തുടര്‍ന്നില്ലെന്നാണ് പറയുന്നത്. വിവിധ റേഡിയോ സന്ദേശങ്ങളും ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് സംഘടിക്കാന്‍ കപില്‍ മിശ്ര ഉച്ചയ്ക്ക് 1.22 ന് സംഘടിക്കാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യ സന്ദേശം നല്‍കിയത്. മൗജപ്പൂര്‍ ചൗക്കില്‍ വൈകീട്ട് 3ന് സംഘടിക്കാനും സിഎഎ അനുകൂല റാലിക്കുമാണ് കപില്‍ മിശ്ര അഹ്വാനം ചെയ്തത്.

വര്‍ഗ്ഗീയ കലാപത്തില്‍ ദില്ലിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കും. ദില്ലിയില്‍ അക്രമ സംഭവങ്ങൾ കുറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.