ഹൈദരാബാദ്: ഹോട്ടലില്‍ നിന്ന് റൊട്ടിയും പനീര്‍ കറിയും കഴിച്ച രണ്ടുവയസ്സുകാരന്‍ മരിച്ചു. ഹൈദരാബാദിലെ ബെഗുംപേട്ടിലെ മാനസരോവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടിയാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രവി നാരായണന്‍റെ മകന്‍ വിഹാനാണ് മരിച്ചത്.

യുഎസിലേക്ക് പോകാനുള്ള വിസയ്ക്കായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനാണ് രവി നാരായണന്‍ ഭാര്യയ്ക്കും മകനുമൊപ്പം ബെഗുംപേട്ടിലെത്തിയത്. ഫെബ്രുവരി പത്താം  തീയതി നഗരത്തിലെത്തിയ ഇവര്‍ യുഎസ് കോണ്‍സലേറ്റിന് സമീപമുള്ള മാനസരോവര്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഹോട്ടലില്‍ നിന്ന് പ്രഭാതക്ഷണം കഴിച്ച ശേഷം ഇവര്‍ കൈവിരല്‍ രേഖകള്‍ നല്‍കാനായി കോണ്‍സലേറ്റിലേക്ക് പോയി. വൈകിട്ട് തിരികെ ഹോട്ടലിലെത്തിയപ്പോള്‍ റൊട്ടിയും പനീര്‍ കറിയും കഴിച്ചു. 

Read More: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ റിസോർട്ട് മൂന്ന് മാസത്തേക്ക് അടക്കാൻ ഉത്തരവ്

രാത്രിയോടെ രവിക്കും വിഹാനും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. രവി ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ ഇയാളുടെ ഭാര്യ ഫോണില്‍ വിളിച്ച് കുഞ്ഞ് അബോധാവസ്ഥയിലായെന്ന് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പഴകിയ ഭക്ഷണമാണ് ഇവര്‍ കഴിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമെ പറയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍‍മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.