ഛണ്ഡിഘട്ട്: പൊലീസ് വാഹനം കണ്ടതോടെ അമിതവേ​ഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. ബാ​ഗ എന്ന കുൽദീപ്, സെറ എന്ന രാധി ശാം എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ റിത്വിക്ക് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഷണക്കേസുകളിൽ പ്രതികളായ മൂവർ സം​ഘം സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഹെൽമറ്റ് ധരിക്കാതെയാണ് മൂന്ന് പേരും ബൈക്കിൽ യാത്ര ചെയ്തിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി ചൊവ്വാഴ്ച മൂന്ന് പേരും ചേർന്ന് ലോഹ മണ്ഡി-ബൽസമണ്ട് റോഡിലെ ഏതാനും കടകളുടെ പൂട്ട് കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

കടയുടമ ഉറങ്ങി കിടക്കുന്നതിനിടെ മോഷണം നടത്താനും സംഘം ശ്രമിച്ചിരുന്നു. എന്നാൽ, ഉറക്കത്തുനിന്ന് എഴുന്നേറ്റ ഉടമ ബഹളം വച്ചതോടെ ആളുകൾ ഓടിയെത്തുകയായിരുന്നു. ഇതിനിടെ യുവാക്കൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തുനിന്നും പോകാൻ ഒരുങ്ങുന്നതിനിടെയാണ് പട്രോളിങ്ങിനെത്തിയ പൊലീസുകാരെ യുവാക്കൾ കാണുന്നത്. പൊലീസുകാരെ കണ്ടതോടെ പരിഭ്രമിച്ച സംഘം ബൈക്ക് അമിതവേ​ഗതയിൽ ശ്രദ്ധയില്ലാതെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെടുന്നത്.