ഉദയ്പ്പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്.

ദില്ലി : ഉദയ്പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളികളെ പിടികൂടാൻ സഹായിച്ചത് കർഷകരായ രണ്ടുപേർ. അതിവേ​ഗതയിൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ 35 കിലോമീറ്റർ പിന്തുടരുകയും പൊലീസിന് വിവരങ്ങൾ നൽകുകയും ചെയ്താണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഇവരുടെ സന്ദർഭോചിതമായ ഇടപെടൽ കാരണമാണ് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികളെ പിടികൂടാനായത്. കർഷകരായ പ്രഹ്ലാദ് സിങ്, ശക്തി സിങ് എന്നിവരാണ് പൊലീസിനെ സഹായിച്ചത്. കൊലപാതകം നടത്തിയ ശേഷം മുഹമ്മദ്, റിയാസ് അക്താരി എന്നിവർ ഇവരുടെ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ​ഗ്രാമീണ മേഖലയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് സംശയം തോന്നിയാണ് ബൈക്കിനെ പിന്തുട‍ര്‍ന്നത്. 

റിയാസ് അക്താരിയുടെ വണ്ടി നമ്പ‍ർ 2611!

കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പർ 2611 എന്നാണ്. 5000 രൂപ അധികം നൽകി സ്വന്തമാക്കിയതാണ് ഈ നമ്പറെന്ന് രാജസ്ഥാൻ പൊലീസ് പറയുന്നു. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്നതാണ് 2611. പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റിയാസിന്റെ വണ്ടി നമ്പ‍ വിവരവും പൊലീസ് വെളിപ്പെടുത്തിയത്. RJ 27 AS 2611 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്ക് ഇപ്പോൾ ഉദയ്പൂരിലെ ധൻമണ്ഡി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. റിയാസ് ബോധപൂർവം 2611 എന്ന നമ്പർ ആവശ്യപ്പെടുകയും ഇതിനായി അധികം 5,000 രൂപ അധികമായി നൽകിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.