ലക്നൗ: ബിജെപിയുമായി മാത്രമാണ് ശിവസേനയ്ക്ക് ഭിന്നതയെന്നും ഹിന്ദുത്വത്തോടല്ലെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശനത്തിന് ശേഷമാണ് ഉദ്ധവിന്‍റെ പ്രതികരണം. താന്‍ മുഖ്യമന്ത്രിയായത് ശ്രീരാമന്‍റെ അനുഗ്രഹം കൊണ്ടാണ്. 18 മാസങ്ങള്‍ക്കിടെ മൂന്നാം വട്ടമാണ് അയോധ്യ സന്ദര്‍ശിക്കുന്നത്.

100 മണിക്കൂര്‍ പോലും മഹാരാഷ്ട്ര സര്‍ക്കാരിന് ആയുസുണ്ടാകില്ലെന്ന് അവകാശപ്പെട്ടവര്‍ക്ക് ഇത് സങ്കടത്തിന്‍റെ ദിനമാണ്. ബിജെപിയുമായാണ് അകന്നത്, അല്ലാതെ ഹിന്ദുത്വത്തില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.  ഹിന്ദുത്വത്തിന്‍റെ രക്ഷകര്‍ത്താവ് ബിജെപിയല്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ബിജെപി എന്നാൽ ഹിന്ദുത്വം എന്ന് അർത്ഥമില്ല.ബിജെപിയുടെ ഹിന്ദുത്വവും യഥാർത്ഥ ഹിന്ദുത്വവും വ്യത്യസ്തമാണെന്നും ഉദ്ധവ് താക്കറ േപറഞ്ഞു.  അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സർക്കാർ ഫണ്ടിൽ നിന്നല്ലാതെ സ്വന്തം ട്രസ്റ്റിൽ നിന്ന് പണം നൽകുക. രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളില്‍ ബാല്‍താക്കറേ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ശിവസേനക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ്  ആവശ്യം. എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്‍റെ ഭാഗമായ ശിവസേന ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന സൂചന കൂടി നല്‍കുന്നതായിരുന്നു അയോധ്യ സന്ദര്‍ശനം.