ദില്ലി: നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട വി​ഗ്രഹങ്ങൾ തിരികെ നൽകി ബ്രിട്ടൻ. തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മോഷണം പോയ സീത-രാമ-ലക്ഷ്മണ വി​ഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ നാ​ഗപട്ടണം ജില്ലയിലെ അനന്തമം​ഗലം ശ്രീ രാജ​ഗോപാല സ്വാമി ക്ഷേത്രത്തിൽ നിന്ന് 1978 ൽ മോഷണം പോയ വി​ഗ്രഹങ്ങളാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പതിനഞ്ചാം നൂറ്റാണ്ടിലെ വിജയന​ഗര സാമ്രാജ്യത്തിൽ നിന്നുള്ളതാണ് ഈ വി​ഗ്രഹങ്ങൾ. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിന് ശേഷമാണ് വി​ഗ്രഹങ്ങൾ കൈമാറിയത്. ഈ വി​ഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ​ഗെയ്ത്രി ഇസാർ കുമാർ പറഞ്ഞു. കഴിഞ്ഞയിടെ ഇന്ത്യയിൽ നിന്ന് മോഷണം പോയ രണ്ട് വി​ഗ്രഹങ്ങൾ ബ്രിട്ടൻ തിരികെ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഈ മൂന്നു വി​ഗ്രഹങ്ങൾ കൂടി കൈമാറിയിരിക്കുന്നത്. മോഷ്ടിച്ച് കടത്തിയ നാൽപതിലധികം വി​ഗ്രഹങ്ങളാണ് വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പലപ്പോഴായി കൈമാറിയത്.