മധ്യപ്രദേശില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കണമെന്ന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തിനെതിരെയാണ് ഉമാഭാരതി രംഗത്തെത്തിയത്. 

ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്യ നയത്തില്‍ മന്ത്രിയുടെ അഭിപ്രായത്തോടെ വിയോജിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. ബിജെപി ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും മദ്യം നിരോധിക്കണമെന്ന ആവശ്യം അവര്‍ ഉയര്‍ത്തി. മധ്യപ്രദേശില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കണമെന്ന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തിനെതിരെയാണ് ഉമാഭാരതി രംഗത്തെത്തിയത്. ഗ്രാമീണ മേഖലകളിലെ വ്യാജമദ്യ ഒഴുക്ക് തടയാനാണ് മദ്യഷാപ്പുകള്‍ തുറക്കണമെന്നാണ് മന്ത്രിയുടെ വാദം.

സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് അമ്മ കുട്ടികള്‍ക്ക് പോഷകാഹാരത്തിന് പകരം വിഷം നല്‍കുന്നതിന് തുല്യമാണെന്ന് ഉമാഭാരതി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യം നിരോധിക്കണമെന്ന ആവശ്യം അവര്‍ ട്വിറ്ററിലൂടെ അധ്യക്ഷന്‍ ജെപി നദ്ദയുടെ ശ്രദ്ധയില്‍പ്പെടുത്തി. മദ്യമാഫിയയുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് മദ്യനിരോധനം നടപ്പാക്കാതിരിക്കരുതെന്ന് അവര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യഷാപ്പുകളുടെ അനുപാതം വളരെ കുറവാണെന്ന് നരോത്തം മിശ്ര വാദിച്ചു. വ്യാജമദ്യം കഴിച്ച് 26 പേര്‍ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. 2020 ഒക്ടോബറിലും 16 പേര്‍ മരിച്ചിരുന്നു. 

മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ മദ്യഷാപ്പുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യം പരിഗണനയില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി രംഗത്തെത്തിയത്.