Asianet News MalayalamAsianet News Malayalam

ഉംപുൺ അതിതീവ്ര ചുഴലിക്കാറ്റായി മാറി, 180 കിമീ വരെ വേ​ഗമാ‍ർജിക്കുമെന്ന് മുന്നറിയിപ്പ്

 കേരളത്തിലടക്കം മഴ കനക്കാൻ സാധ്യതയുണ്ട്..

umpun cyclone moving towards north side
Author
Hyderabad, First Published May 17, 2020, 5:58 PM IST

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് കരുത്താർജിക്കുന്നു. അൽപസമയം മുൻപ്  അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുൺ ബുധനാഴ്ച തീരംതൊടുമെന്നാണ് പ്രവചനം. അപകട സാധ്യത മുന്നിൽ കണ്ട് ഒഡിഷയിലും പശ്ചിമബംഗാളിലും കൂടുതൽ ദുരന്തനിവാരണസേനയെ വിന്യസിച്ചു. 

ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 980 കിലോമീറ്റ‍ർ അകലെയാണ് ഞായറാഴ്ച വൈകുന്നേരം ഉംപുണിൻ്റെ സ്ഥാനം. വടക്ക് ദിശയിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ നീങ്ങുന്നത്. അതിതീവ്രചുഴലിക്കാറ്റായതോടെ ഉംപുൺ ദിശമാറി വടക്ക് കിഴക്ക് നീങ്ങും. ബുധനാഴ്ച വൈകീട്ടോടെ പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ കരയിൽ  പ്രവേശിക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. 

ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഒഡീഷ - പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത തുടരുകയാണ്. തീരമേഖലയിലുളളവരെ ഒഴിപ്പിക്കുന്നു. ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ ഒഡ‍ിഷയിൽ വിന്യസിച്ചു. 685 അംഗ സേനയെ ബംഗാളിൽ നിയോഗിച്ചു. പ്രത്യേക ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. 

അപായ സാധ്യത മേഖലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉംപുൺ പ്രഭാവത്തിൽ കിഴക്കൻ തീര സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഛത്തീസ്ഗഡിലും തെലങ്കാനയിലും മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റ് ദിശ മാറുന്നതോടെ കേരളത്തിലും മഴ കനക്കാനിടയുണ്ട്.

Follow Us:
Download App:
  • android
  • ios