കൊൽക്കത്ത: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്‌ഫോൺ വാങ്ങാൻ കഴിയാത്തതിൽ അസ്വസ്ഥയായ 20കാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ ജയന്തി ബൗളിയാണ് ജീവനൊടുക്കിയത്. 

മാൽ കോളേജിലെ ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയായ ജയന്തി, തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ ദിലീപ് സർക്കാർ പറഞ്ഞു. ദിവസ വേതനക്കാരനാണ് ജയന്തിയുടെ പിതാവ് അവിറാം. ഫോൺ ലഭിക്കാത്തതിൽ മകൾ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന് അവിറാം പറയുന്നു.

“എന്റെ മകൾക്ക് ഓൺലൈൻ ക്ലാസുകൾക്കായി ഒരു സ്മാർട്ട്ഫോൺ ആവശ്യമായിരുന്നു. പക്ഷേ എനിക്കത് വാങ്ങി നൽകാൻ സാധിച്ചില്ല, അതിൽ അവൾ അസ്വസ്ഥയായിരുന്നു. എന്നാൽ, അവൾ ഇതുപോലൊന്ന് ചെയ്യുമെന്ന് അറിയാമായിരുന്നുവെങ്കിൽ, ഞാൻ എവിടെ നിന്നെങ്കിലും പണം കടം വാങ്ങി ഒരു ഫോൺ വാങ്ങുമായിരുന്നു“, അവിറാം പറയുന്നു. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.