വിശാഖപട്ടണം: ആന്ധ്രയില്‍ വലിയ രാഷ്ട്രീയ വിവാദമായ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ മുഖ്യപ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്ത്. അടുത്തിടെ രാമവിഗ്രഹം നശിപ്പിക്കപ്പെട്ട വിഴിനഗരം ജില്ലയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തില്‍ ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകക്ഷിയുടെ ആരോപണം.

ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാറിനെയും ജഗമോഹന്‍ റെഡ്ഡിയെയും ശക്തമായി കടന്നാക്രമിച്ചാണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രസ്താവന നടത്തിയത്. ഇതിന് പ്രതികരണമായാണ് ക്ഷേത്രം സന്ദര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി വിജയ സായി റെഡ്ഡി ടിഡിപിക്കെതിരെ ആരോപണം നടത്തിയത്.

രാമതീര്‍ത്ഥം ക്ഷേത്രത്തില്‍ രാമ വിഗ്രഹം തകര്‍ത്തത് ടിഡിപി പ്രവര്‍ത്തകരാണ് ജഗന്‍ സര്‍ക്കാറിനെ മോശമായി ചിത്രീകരിക്കാന്‍ ചന്ദ്രബാബു നായിഡുവിന്‍റെയും, അദ്ദേഹത്തിന്‍റെ മകന്‍ ലോകേഷിന്‍റെയും അറിവോടെയാണ് ഇത് നടന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി വിജയ സായി റെഡ്ഡി കുറ്റപ്പെടുത്തി.

എന്നാല്‍ നേരത്തെ പൊലീസ് ആദ്യം വഴിതടഞ്ഞിട്ടും. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ഒടുവില്‍ കാല്‍നടയായാണ് ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയത്. ജഗന്‍ റെഡ്ഡി ഹിന്ദുക്കളെ വഞ്ചിച്ചയാളാണ് എന്ന രൂക്ഷമായ പ്രതികരണം ക്ഷേത്രത്തിലെ പൂജാരിയുമായി സംസാരിച്ച ശേഷം നായിഡു നടത്തി. 

ക്ഷേത്രങ്ങള്‍ക്കെതിരെ ജഗന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്തരത്തിലുള്ള 127 സംഭവങ്ങള്‍ നടന്നുവെന്ന് നായിഡു ആരോപിച്ചു. എന്നാല്‍ ഒന്നില്‍പോലും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി. അതേ സമയം ക്ഷേത്ര ആക്രമണം വലിയ രാഷ്ട്രീയ വിഷയമായി ജഗന്‍ സര്‍ക്കാറിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.