ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു.

ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ എൻഡിഎയിലും പ്രതിഷേധം ശക്തമാകുന്നു. നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടിയും രം​ഗത്തെത്തി. ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എൻപിപി ബിജെപിയുടെ സഖ്യകക്ഷിയാണ്. ഏക സിവിൽ കോഡിൽ ഭീഷണിയുമായി നാഗാലാൻഡിലെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. സിവിൽ കോഡ് നടപ്പാക്കിയാൽ എം എൽ എ മാരുടെ വീടുകൾക്കും, ഓഫീസുകൾക്കും തീയിടുമെന്ന് നാഗാലാൻഡ് പബ്ലിക് റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് വ്യക്തമാക്കി. 

പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ലിൻ്റെ തയ്യാറെടുപ്പിനായി പാർലമെന്‍ററി നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോർട്ടും ആധാരമാക്കും. പ്രധാനമന്ത്രി പറഞ്ഞത് വെറുതയല്ലെന്ന തുടര്‍ സൂചനകള്‍ നല്‍കിയാണ് ഏകസിവില്‍ കോഡില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിനിടെ നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്ന അടുത്ത 13 വരെ കാത്തിരിക്കൂയെന്ന് നിയമമന്ത്രി ആവശ്യപ്പെട്ടു.

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും സര്‍ക്കാരിന്‍റെ മനസിലിരുപ്പ് വ്യക്തമാക്കുന്നു. അയോധ്യയിലെ രാമക്ഷേത്രവും, കശ്മീര്‍ പുനസംഘടനയും യാഥാര്‍ത്ഥ്യമാക്കിയത് ചൂണ്ടിക്കാട്ടി അടുത്ത നീക്കം സിവില്‍ കോഡിലേക്കാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കുന്നു.സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു.

പ്രധാനമന്ത്രി വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും,ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി. ഏകസിവില്‍ കോഡിനെ പിന്തുണച്ച് പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പത്തിന് ശ്രമിച്ച ആംആദ്മി പാര്‍ട്ടിക്ക് ആ നിലപാട് പക്ഷേ പഞ്ചാബില്‍ ആപ്പായേക്കും. കെജരിവാളും ബിജെപിയും ഒന്നാണെന്ന പ്രചാരണം ശിരോമണി അകാലിദള്‍ ശക്തമാക്കി. 

ഏക സിവിൽ കോഡ് നടപ്പിലാക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബിൽ പ്രതികരണം പിന്നീട്

'വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണ് മോദിയുടെ ശ്രമം'; ഏക സിവിൽ കോഡിനെതിരെ എം കെ സ്റ്റാലിൻ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News