ദില്ലി: പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ. 'വളരെ നിരുത്തരവാദപരം' എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 'പൊതുമുതൽ നശിപ്പിക്കുന്നവരെ, ഞങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെയ്തത് പോലെ വെടിവച്ച് കൊല്ലണം' എന്നായിരുന്നു ദിലിപ് ഘോഷിന്റെ വിവാദ പ്രസ്താവന. 

''ദിലിപ് ഘോഷ് പറഞ്ഞിരിക്കുന്നത് പോലെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഒരിടത്തും ആളുകളെ വെടിവച്ച് കൊന്നിട്ടില്ല. അദ്ദേഹം സങ്കൽപത്തിൽ മെനഞ്ഞെടുത്ത കഥയാണിത്. യാതൊരു വിധത്തിലുള്ള കാരണം കൊണ്ടും ആളു‍കളെ വെടിവച്ച് കൊല്ലാൻ ബിജെപി തുനിഞ്ഞിട്ടില്ല. വളരെ നിരുത്തരവാദിത്വപരമായ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.'' സുപ്രിയോ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധിച്ചവർക്ക് നേരെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി വെടിവെയ്പിനും ലാത്തിച്ചാർജ്ജിനും ഉത്തരവിടാത്തതിനെയും ദിലീപ് ഘോഷ് വിമർശിച്ചിരുന്നു. സ്വന്തം സമ്മതിദായകരായതിനാലാണ് ദീദി അത്തരത്തിൽ പെരുമാറിയതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ആസ്സാം, കർണാടക എന്നിവിടങ്ങളിൽ പ്രതിഷേധിച്ചവരെ പട്ടികളെപ്പോലെയാണ് വെടിവച്ചതെന്നും ദിലിപ് ഘോഷ് അവകാശപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിലിപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ കോൺ​ഗ്രസ് പാർട്ടി നേതാക്കളും പ്രതിഷേധവുമായി രം​ഗത്തെത്തി/. അദ്ദേ​ഹം വീമ്പു പറയുകയാണെന്നും സർക്കാർ സംവിധാനങ്ങളുപയോ​ഗിച്ച് ജനങ്ങളെ അടിച്ചമർത്തുന്നത് പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് ദിനേഷ് ​ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.