മുംബൈ - ഗോവ ദേശീയപാത നിർമ്മാണം വൈകുന്നതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഗോവയിലെ പനാജിയിൽ ആറുവരിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവ: റോഡ് നിർമ്മാണം വൈകുന്നതിലുള്ള കടുത്ത അതൃപ്തി തുറന്നുപറഞ്ഞ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. നിർമ്മാണത്തിലെ കാലതാമസം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാലാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്നും ഗഡ്കരി വ്യക്തമാക്കി. മുംബൈ - ഗോവ ദേശീയപാതയുടെ വീതികൂട്ടൽ പ്രവൃത്തികൾ വൈകുന്നതിലാണ് കേന്ദ്രമന്ത്രി അതൃപ്തി പരസ്യമാക്കിയത്. ഗോവയിലെ പനാജിയിൽ ആറുവരിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി.
"മുബൈ - ഗോവ ദേശീയപാതയുടെ ഉദ്ഘാടനത്തിന് ഞാൻ വരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു, കാരണം അത് വളരെയധികം വൈകിയതിൽ എനിക്ക് നാണക്കേട് ഉണ്ടാക്കി"- നിതിൻ ഗഡ്കരി പറഞ്ഞു. അടുത്ത മാസം നിർമ്മാണപ്രവൃത്തികൾ നേരിട്ടെത്തി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. "ഒക്ടോബറിൽ ഞാൻ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി, റോഡ് മാർഗം ഗോവയിലേക്ക് യാത്ര ചെയ്ത് ഹൈവേ നേരിട്ട് പരിശോധിച്ച് യാത്രക്കാർക്ക് യാത്ര സൗകര്യപ്രദമായിട്ടുണ്ടോ എന്ന് വിലയിരുത്തും"- മന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും പറഞ്ഞ മന്ത്രി ഇതിൽ ഒരു റെക്കോർഡ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു.
15 വർഷത്തോളമായിട്ടും മുംബൈ - ഗോവ ദേശീയപാതയുടെ വീതികൂട്ടൽ പ്രവർത്തികൾ പൂർത്തിയാകാത്തതാണ് കേന്ദ്രമന്ത്രി ഉപരിതല ഗതാഗതാ വകുപ്പ് മന്ത്രി അതൃപ്തി പരസ്യമാക്കാൻ കാരണം. പാതയുടെ നിർമ്മാണപ്രവൃത്തികൾക്ക് 2011ലാണ് തുടക്കമായത്. പഴയ രണ്ടുവരി ദേശീയപാത നാലുവരിയായി മാറ്റാനായിരുന്നു ആദ്യഘട്ടത്തിലെ തീരുമാനം. ഇതോടെ മുംബൈ - ഗോവ യാത്രാസമയം 12 മണിക്കൂറിൽനിന്ന് ആറുമണിക്കൂറായി കുറയുമെന്നും പ്രതീക്ഷിച്ചിരുന്നു. 2016ൽ പൂർത്തിയാകേണ്ട പദ്ധതി വിവിധ കാരണങ്ങൾ മൂലം വൈകുകയായിരുന്നു.
ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, പരിസ്ഥിതി അടക്കമുള്ള അനുമതികൾ, കോൺട്രാക്ടർമാരുടെ വീഴ്ചകൾ അടക്കം പദ്ധതി വൈകലിന് കാരണമായിട്ടുണ്ട്. നിലവിൽ പാതയുടെ ഭൂരിഭാഗം ഭാഗങ്ങളിലും പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെങ്കിലും ബൈപ്പാസുകൾ, പാലങ്ങൾ മറ്റ് അനുബന്ധ പ്രവൃത്തികൾ തുടങ്ങിയവയ്ക്ക് കാലതാമസം നേരിടുകയാണ്. 2026 ജൂണിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ഈ വർഷം ഫെബ്രുവരിയിൽ സർക്കാർ പാർലമെൻ്റിനെ അറിയിച്ചിരുന്നെങ്കിലും അതും വൈകി. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം, ഏകദേശം 16,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.


