Asianet News MalayalamAsianet News Malayalam

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കണം; മുന്നൊരുക്കങ്ങൾ വിവരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖ‍ർ

പരമാവധി മുൻകരുതൽ സ്വീകരിച്ച് വേണം ഓരോരുത്തരും മുന്നോട്ട് പോകോണ്ടത്. ​​മൂന്നാം തരം​ഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ ആരോ​ഗ്യസംവിധാനം സമ്മർദ്ദത്തിലാകും. 

Union Minister Rajeev Chandrasekhar described the preparations to prevent covid third wave
Author
Bengaluru, First Published Aug 9, 2021, 5:26 PM IST

ബം​ഗളൂരു: കൊവിഡ് മൂന്നാം തരം​ഗത്തെ പ്രതിരോധിക്കാൻ പൊതുവിടങ്ങളിൽ ജാ​ഗ്രതയും നിയന്ത്രണങ്ങളും  പാലിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊവിഡിന്റെ മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നമ്മ ബം​ഗളൂരു ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തെ ബം​ഗളൂരു മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. കൊവിഡിന്റെ ഒന്നാം തരം​ഗത്തിൽ തന്നെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പൗരൻമാർക്ക് സാധിച്ചു.

കൊവിഡിനെതിരെ ദേശീയ തലത്തിലുള്ള പോരാട്ടത്തിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കൊവിഡിനെ മറികടക്കാൻ ഈ ന​ഗരം എങ്ങനെയാണ് പരിശ്രമിച്ചതെന്ന് പരിശോധിക്കേണ്ടതാവശ്യമാണ്. ഇനിയൊരിക്കൽ കൂടി ഈ മഹാമാരി സംഭവിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് മുൻകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. മൂന്നാം തരം​ഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസങ്ങളിൽ ബാം​ഗ്ലൂരിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് കാണിക്കുന്നത്. ഇതൊരു നല്ല കാര്യമല്ല. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലെ അവസ്ഥയിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിക്കുന്നില്ല. അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന മാസങ്ങൾ വളരെ സങ്കീർണ്ണമാണ്. 

വെബിനാറിൽ പങ്കെടുത്ത ഡോ വിശാൽ റാവു കൊവിഡിന്റെ മൂന്നാം തരം​ഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പരമാവധി മുൻകരുതൽ സ്വീകരിച്ച് വേണം ഓരോരുത്തരും മുന്നോട്ട് പോകോണ്ടത്. ​​മൂന്നാം തരം​ഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ ആരോ​ഗ്യസംവിധാനം സമ്മർദ്ദത്തിലാകും. അതിനാൽ ജാ​ഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ അശ്രദ്ധ കൊവിഡിന് കാരണമാകുന്നുണ്ട്. പൊതുജീവിതത്തിൽ പൗരൻമാർ ശ്രദ്ധാലുക്കളാകുകയും ഉചിതമായി പെരുമാറുകയും ചെയ്യണം. വൈറസ് അതിവേ​ഗം വ്യാപിക്കുന്നത് രണ്ടാം തരം​ഗത്തിൽ നാം കണ്ടതാണ്. മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പോംവഴി. വിനോദങ്ങൾക്കുള്ള അവസരമല്ല ഇതെന്നും ഡോക്ടർ വിശാൽ റാവു മുന്നറിയിപ്പ് നൽകി. 

കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ നമുക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും മറക്കരുതെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും വെബിനാറിൽ പങ്കെടുത്ത ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമനോളജി ഡയറക്ടർ ഡോ വിവേക് പടേ​ഗൽ ഓർമ്മപ്പെടുത്തി. കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗം വാക്സിനേഷനാണ്. ബം​ഗളൂരുവിൽ 70 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. കൊറോണ വൈറസ് പകരുന്നത് 70 ശതമാനം തടയാൻ മാസ്കിന് സാധിക്കും. മാസ്ക്, വാക്സിനേഷൻ, സാമൂഹിക അകലം പാലിക്കൽ, രോ​ഗലക്ഷണങ്ങൾ കണ്ടാൽ ഉടനടിയുളള പരിശോധന എന്നിവ കൊവിഡിന്റെ മൂന്നാം തരം​ഗത്തെ തടയാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബം​ഗളൂരു ന​ഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയാണ് നമ്മ ബം​ഗളൂരു ഫൗണ്ടേഷൻ. കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ബം​ഗളൂരു ന​ഗരപ്രാന്തത്തിലുള്ള ധേനബന്ദുന​ഗർ പ്രദേശത്തെ സാധാരണക്കാർക്ക് പ്രതിരോധ-ആരോ​ഗ്യ കിറ്റുകൾ നമ്മ ബം​ഗളൂരു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios