ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദില്ലിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് ദീപികക്കെതിരെ സ്മൃതി ഇറാനിയുടെ പരാമര്‍ശം.

ദീപിക പദുകോണിന്‍റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണം. എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതയാണ്. ജനം ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇക്കാര്യം അറിയാത്തതുകൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ജനുവരി അഞ്ചിന് രാത്രിയാണ് ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടത്.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന സമരത്തിലാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ പങ്കെടുത്തത്. സമരത്തിനെത്തിയ ദീപിക ഐഷി ഘോഷുമായി സംസാരിച്ചു. ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികക്കെതിരെ ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തെത്തി. പുതിയ സിനിമ ഛപാക്കിന്‍റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്നും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.