ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന്‍റെ ടൂറിസത്തെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വിവരാവകാശരേഖ. 

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിന്‍റെ വിനോദസഞ്ചരമേഖലയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്‍റെ പ്രസ്താവന തള്ളി വിവരാവകാശരേഖ പുറത്ത്. പ്രത്യേക പദവി റദ്ദാക്കിയത് ജമ്മു കശ്മീരിന്‍റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശരേഖ. ആര്‍ടിഐ പ്രകാരമുള്ള ചോദ്യത്തിന് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍. 

2019 നവംബര്‍ 19ന് പാര്‍ലമെന്‍റില്‍ സംസാരിക്കുമ്പോഴാണ് പ്രഹ്ളാദ് സിങ് പട്ടേല്‍ ജമ്മു കശ്മീരിന്‍റെ ടൂറിസം മേഖലയെക്കുറിച്ച് സംസാരിച്ചത്. വിനോദസഞ്ചാര മേഖലയിലോ ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിലോ കുറവ് വന്നിട്ടില്ലെന്ന് മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. രാജ്യസഭാ എംപിയും സിപിഐ നേതാവുമായ എളമരം കരീമിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Read More: റിപ്പബ്ലിക് ദിനപരേഡിലെ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം

വിവരാവകാശ നിയമം അനുസരിച്ച് ടൂറിസം മന്ത്രാലയത്തോട് ചോദിച്ച ചോദ്യങ്ങള്‍ മന്ത്രാലയം ജമ്മു കശ്മീരിലെ ടൂറിസം വകുപ്പിന് അയച്ചു നല്‍കിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിലാണ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വ്യക്തമായത്. ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് നല്‍കിയ പ്രധാനപ്പെട്ട വിവരങ്ങള്‍ മന്ത്രി മറച്ചുവെക്കുകയായിരുന്നെന്ന് ആര്‍ടിഐ രേഖകള്‍ തെളിയിക്കുന്നതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. പ്രഹ്ളാദ് സിങ് പാര്‍ലമെന്‍റില്‍ കള്ളം പറയുകയായിരുന്നെന്ന വിമര്‍ശനവുമായി മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരിയും രംഗത്തെത്തി.