സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ ജന്മദിനത്തില്‍ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി മോദി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്ന് പ്രധാനമന്ത്രി.

കെവാഡിയ: സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് മോദി പറഞ്ഞു. രാഷ്ട്രപതി റാംനാഥ് കോവിന്ദും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന് ആദരമര്‍പ്പിച്ചു. 

'രാജ്യമെമ്പാടുമുള്ള വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് 'റണ്‍ ഫോര്‍ യൂണിറ്റി' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും നന്ദി പറയുന്നു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയും'- മോദി ട്വീറ്റ് ചെയ്തു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ അമിത് ഷായും ബോക്സിങ് ചാമ്പ്യന്‍ മേരി കോമും ചേര്‍ന്ന് റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാരത്തണുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്‍റെ ജന്മദിവസം ഏകതാ ദിവസമായി ആചരിച്ചു തുടങ്ങിയത്. 

Scroll to load tweet…