ലഖ്‍നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന്‍റെ വീട്ടിലടക്കം വിവിധയിടങ്ങളിൽ സിബിഐ റെയ്‍‍ഡ്. ഏതൊക്കെ ഇടങ്ങളിലാണ് റെയ്‍ഡ് എന്നത് വെളിപ്പെടുത്താൻ സിബിഐ വിസമ്മതിക്കുന്നുണ്ടെങ്കിലും 17 ഇടങ്ങളിലാണ് റെയ്‍ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ, പെൺകുട്ടിയുടെ കാറിൽ വന്നിടിച്ച ട്രക്കിന്‍റെ ഉടമയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. 

ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ ജൂലൈ 30-നാണ് അപകടത്തിൽ പെടുന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെംഗാറിന് പുറമേ സഹോദരൻ മനോജ് സെംഗാറിനെയും അടക്കം പത്ത് പേരെ ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കേസന്വേഷണം സിബിഐ ഏറ്റെടുത്തു. 

ഇന്നലെ സെംഗാർ തടവിൽ കഴിയുന്ന സീതാപൂർ ജയിലിലെത്തി, സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സെംഗാർ ആരോപിച്ചത്. പെൺകുട്ടിയുടെ അമ്മാവൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അപകടമുണ്ടാക്കിയ ട്രക്ക് ഉടമ സെംഗാറിന്‍റെ കൂട്ടാളിയാണെന്നാണ് പെൺകുട്ടിയുടെ അമ്മാവൻ നൽകിയ മൊഴി. 

ട്രക്ക് ഉടമ പറയുന്നത് ...

ഉന്നാവിൽ പെൺകുട്ടിയുടെ കാറിൽ വന്നിടിച്ച ട്രക്കിന്‍റെ ഉടമ പറയുന്നത്, ലോണടയ്ക്കാനുള്ളവരെ വെട്ടിക്കാനാണ് ട്രക്കിന്‍റെ ബോർഡ് മഷി തേച്ച് മായ്ച്ചതെന്നാണ്. ഉടമയെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കുൽദീപ് സെൻഗാറിനെയോ പെൺകുട്ടിയുടെ കുടുംബത്തെയോ പരിചയമില്ലെന്നാണ് ട്രക്കുടമ നൽകിയ മൊഴി. 

വായ്പ മുടങ്ങിയതിനാൽ വാഹനം ഫിനാൻസ് കമ്പനി പിടിച്ചു കൊണ്ടുപോകുമെന്ന് ഭയന്നിരുന്നു. കമ്പനിയെ കബളിപ്പിക്കാൻ ആണ് നമ്പർ പ്ളേറ്റിൽ ഗ്രീസ് തേച്ചതെന്നും ട്രക്കുടമ മൊഴി നൽകി. ട്രക്കുടമയ്ക്ക് സമാജ്‍വാദി പാർട്ടി നേതാവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു. 

സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ട്രക്കുടമ പറയുന്നത്. കാർ അതീവ വേഗതയിൽ ആയിരുന്നുവെന്ന് അപകടത്തിന് ശേഷം ഡ്രൈവർ തന്നോട് പറഞ്ഞതായും ട്രക്ക് ഉടമ പറയുന്നു. കാറിന്‍റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നും ഇതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യങ്ങളുമില്ലായിരുന്നെന്നും ട്രക്കുടമ മൊഴി നൽകി.