'നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണിത്'
ദില്ലി: ഉന്നാവ് കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് ആശംസകള്‍ അറിയിച്ച് ബിജെപി നേതാവിന്‍റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള എംഎല്‍എ ആശിഷ് സിംഗാണ് ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയ്ക്ക് 'പ്രയാസമേറിയ ഈ സമയം' മറികടക്കുന്നതിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിത്.
'നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണിത്. ഈ മോശം സമയം അദ്ദേഹം മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോരാടൂ...ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ... എവിടെയാണെങ്കിലും ഞങ്ങളുടെയെല്ലാം ആശംസകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നുമാണ് ആശിഷ് സിംഗ് പ്രസംഗത്തില്‍ പറയുന്നത്.
ഉന്നാവില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി എംഎൽഎയെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസം ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ദിവസമാണ് ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നില്‍ എം എല്‍എയുടെ കൈകളാണെന്ന ആരോപണം ശക്തമാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
